കൊച്ചി: വരാപ്പുഴയിൽ സ്‌ഫോടനമുണ്ടായ പടക്കനിർമാണശാലക്ക് ലൈസൻസില്ലെന്ന് ജില്ലാ കലക്ടർ രേണു രാജ്. പടക്കം നിർമിക്കുന്നതിനും സംഭരിക്കുന്നതിനും വിൽക്കുന്നതിനും ലൈസൻസില്ല. വിൽക്കുന്നതിന് ലൈസൻസുണ്ടെന്ന് ചിലർ പറഞ്ഞിരുന്നു. ഇത് കലക്ടർ നിഷേധിച്ചു. പൂർണമായും അനധികൃതമായാണ് പടക്കനിർമാണശാല പ്രവർത്തിച്ചിരുന്നതെന്ന് കലക്ടർ പറഞ്ഞു. സംഭവത്തിൽ തഹസിൽദാരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനാണ് വൻ സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 3 കുട്ടികളുൾപ്പെടെ 7 പേര്‍ക്ക് പരുക്കേറ്റു. പടക്കം സൂക്ഷിച്ചിരുന്ന ഒരുനില വീട് സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. പൊടിയും പുകയും കാരണം ഏറെ നേരെ ഒന്നും കാണാനായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രദേശത്തെ മരങ്ങള്‍ കരിഞ്ഞുണങ്ങി. ധാരാളം വീടുകളുള്ള, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് പടക്കം സൂക്ഷിച്ച വീടുണ്ടായിരുന്നത്.
രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുമ്പോഴും സ്‌ഫോടനം ഉണ്ടായിരുന്നു. പടക്കശാലയിൽ ജോലി ചെയ്തിരുന്ന ഒരാളെ കണ്ടെത്തിയതോടെയാണ് രക്ഷാപ്രവർത്തനം വേഗത്തിലായത്. എവിടെയാണ് പടക്കം സൂക്ഷിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ ഇയാളാണ് പൊലീസിന് വിശദീകരിച്ചുകൊടുത്തത്.