കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. പിണറായിക്ക് പൊലീസുകാരുടെ അടിയും നാട്ടുകാരുടെ അടിയും കിട്ടിയിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞു.
പഴയ കാര്യങ്ങൾ താൻ പറയാൻ തുടങ്ങിയാൽ മുഖ്യമന്ത്രിക്ക് പുറത്തിറങ്ങി നടക്കാൻ കഴിയില്ല. മുഖ്യമന്ത്രി പരിപൂര്‍ണ ബോറനായി മാറിയതിൽ ദുഖമുണ്ട്. മുഖ്യമന്ത്രി ഇത്രയും തരം താഴാൻ പാടില്ലെന്നും പാര്‍ട്ടി തിരുത്തണമെന്നും കെ സുധാകരൻ പറഞ്ഞു.
പ്രതിപക്ഷം ഉയർത്തുന്ന വിഷയത്തിൽ ഇങ്ങനെ ആണോ മുഖ്യമന്ത്രി പ്രതികരിക്കുന്നതെന്ന് കെ സുധാകരൻ കുറ്റപ്പെടുത്തി. അദ്ദേഹത്തെ കുറിച്ച് പറയാൻ യോഗ്യൻ ഞാൻ ആണെന്ന് മുഖ്യമന്ത്രിക്ക് അറിയാം. അതാണ് സുധാകരനോട് ചോദിക്കാൻ മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി ഓടി നടന്ന് അടി കൊണ്ടിട്ടുണ്ടെന്നും താൻ പഴയ കാര്യങ്ങൾ പറയാൻ തുടങ്ങിയാൽ മുഖ്യമന്ത്രിക്ക് പുറത്തിറങ്ങി നടക്കാൻ കഴിയില്ലെന്നും കെ സുധാകരന്‍ പരിഹസിച്ചു.
അതേസമയം, ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കെന്ന് പ്രതിപക്ഷം. ലൈഫ് മിഷൻ കോഴയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറസ്റ്റ് ഉയർത്തിക്കാട്ടിയായിരുന്നു മാത്യു കുഴൽനാടന്റെ അടിയന്തരപ്രമേയ നോട്ടീസ്. ഇഡിയുടെ റിമാൻഡ് റിപ്പോർട്ടുകളിലെ തെളിവുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം സ്ഥാപിക്കാനായിരുന്നു ശ്രമം. റെഡ് ക്രെസന്റുമായുള്ള കരാറിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ അതിൽ സർക്കാരിന് സാമ്പത്തിക ഉത്തരവാദിത്തമില്ലെന്നായിരുന്നു മന്ത്രി എംബി രാജേഷിന്റെ മറുപടി. യുഎഇ റെഡ് ക്രെസന്റ് അവരുടെ കരാറുകാരൻ മുഖേന നടത്തിയ പദ്ധതിയിൽ ഏത് അന്വേഷണത്തിനും സർക്കാരിന് പ്രശ്‌നമില്ല. ലൈഫ് മിഷന് ഉദ്യോഗസ്ഥർ അഴിമതി നടത്തിയതിന് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.