ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യേന്ദർ ജയ്നും രാജിവച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഇരുവരുടേയും രാജി സ്വീകരിച്ചു. മദ്യനയ കേസിൽ അറസ്റ്റിലായ സിസോദിയ സിബിഐ കസ്റ്റഡിയിലാണ്.
മദ്യ നയ അഴിമതി കേസില്‍ രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ തടവിന് ശിക്ഷിക്കപ്പെട്ടാല്‍ സിസോദിയയ്ക്കും ജെയിനിനും സീറ്റ് നഷ്ടമായേക്കും. ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാകില്ല.
ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വർക്ഷം മെയ് 30 ന് അറസ്റ്റ് ചെയ്ത സത്യേന്ദർ ജയ്ൻ 10 മാസമായി ജയിലിലാണ്. സത്യേന്ദർ ജയ്ൻ ജയിലായതിനു പിന്നാലെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ആരോഗ്യവകുപ്പ് ഉൾപ്പെടെ 18 മന്ത്രാലയങ്ങളുടെ ചുമതല സിസോദിയ വഹിച്ചുവരികയായിരുന്നു.
അതിനിടെ കേസില്‍ വിചാരണ കോടതിയെയും ഹൈക്കോടതിയെയും മറികടന്ന് സമര്‍പ്പിച്ച ഹര്‍ജ്ജി തെറ്റായ സന്ദേശം നല്‍കുന്നതാണെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു. അഴിമതി നിരോധന കേസ് അനുസരിച്ച് നടക്കുന്ന അന്വേഷണങ്ങളെ നിമിഷം കൊണ്ട് ഇല്ലാതാക്കാന്‍ സാധിക്കുമെന്ന പ്രതീതി ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
വിചാരണ കോടതിയോട് ജാമ്യാപേക്ഷ വേഗത്തില്‍ തീര്‍ക്കാന്‍ നിര്‍ദ്ദേശിക്കണം എന്ന സിസോദിയയുടെ അപേക്ഷയും സുപ്രിം കോടതി അംഗീകരിച്ചില്ല. മറുവശത്ത് കസ്റ്റഡിയിലുള്ള മനീഷ് സിസോദിയയെ വിശദമായി ചോദ്യം ചെയ്യാനുള്ള സിബിഐയുടെ ശ്രമം തുടരുകയാണ്. മദ്യനയത്തില്‍ മാറ്റം വരുത്താന്‍ സെക്രട്ടറിക്ക് സിസോദിയ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയതുമായി ബന്ധപ്പെട്ട രേഖകളോടും സിസോദിയ ഇന്ന് പ്രതികരിച്ചില്ല. കേസിലെ മറ്റ് പ്രതികളെയും സിസോദിയായെയും ഒരുമിച്ച് ചോദ്യം ചെയ്യാനുള്ള നടപടികളും സിബിഐ ഇന്ന് തുടങ്ങി.
കേജ്രിവാൾ മന്ത്രിസഭയിൽ 18 വകുപ്പുകളാണ് സിസോദിയ കൈകാര്യം ചെയ്തിരുന്നത്. ആം ആദ്മി പാർട്ടിയിൽ രണ്ടാമനായിരുന്ന സിസോദിയയുടെ അറസ്റ്റ് പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. മന്ത്രിസഭയുടെ പ്രതിഛായ തിരിച്ചുപിടിക്കാനാണു സിസോദിയയുടെ രാജിയെന്നാണ് എഎപി വൃത്തങ്ങൾ പറയുന്നത്.