തിരുവനന്തപുരം : ലൈഫ് മിഷന്‍ കോഴ കേസില്‍ സഭയില്‍ രൂക്ഷമായ വാക്‌പോര്. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എ, സ്വപ്നയും ശിവശങ്കറും പിണറായിയും ക്ലിഫ് ഹൗസില്‍ യോഗം ചേര്‍ന്നുവെന്ന് സ്വപ്ന പറഞ്ഞതായി സഭയില്‍ പറഞ്ഞു. ഇതിനു പിന്നാലെ ക്ഷുഭിതനായി എഴുന്നേറ്റ മുഖ്യമന്ത്രി കുഴല്‍നാടന്റെ ആരോപണം പച്ചക്കള്ളമാണെന്നും താന്‍ ആരെയും കണ്ടിട്ടില്ലെന്നും പറഞ്ഞു. ഇതോടെ സഭ പ്രക്ഷുബ്ദമായി. ഇരുപക്ഷവും സീറ്റില്‍ നിന്നും എഴുന്നേറ്റ് ബഹളം വെച്ചതോടെ സഭ അല്‍പ്പ സമയത്തേക്ക് പിരിഞ്ഞു.
അതേസമയം, അടിയന്തര പ്രമേയ നോട്ടീസ് അവതരണ വേളയില്‍ നിയമസഭയില്‍ ഇന്ന് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മാത്യൂ കുഴല്‍ നാടന്റെ ആരോപണം മുഖ്യമന്ത്രി പാടെ തള്ളിയെങ്കിലും വീണ്ടും വാക്‌പോര് തുടര്‍ന്നു. താന്‍ പറഞ്ഞതൊന്നും തന്റെ തിരക്കഥയല്ലെന്നും ഇഡി കോടതിക്ക് കൊടുത്ത റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് താന്‍ പറഞ്ഞതെന്നും കുഴല്‍നാടന്‍ വിശദീകരിച്ചു. തെറ്റാണെങ്കില്‍ എന്ത് കൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്ന ചോദ്യവും കുഴല്‍നാടന്‍ ഉന്നയിച്ചു.
ഇതിന് മറുപടി നല്‍കിയ പിണറായി, മാത്യു ഏജന്‍സിയുടെ വക്കീല്‍ ആകുകയാണെന്ന് കുറ്റപ്പെടുത്തി. ഉപദേശം ആവശ്യമുണ്ടെങ്കില്‍ സമീപിക്കാമെന്നും എന്നാല്‍ ഇപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നും സ്വന്തം നിലയ്ക്ക് കാര്യം തീരുമാനിക്കാന്‍ തനിക്ക് കഴിയുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. പിന്നാലെ ബഹളം നിയന്ത്രിക്കാനാകാതെ വന്നതോടെ സ്പീക്കര്‍ വീണ്ടും സഭ അല്‍പസമയത്തേക്ക് നിര്‍ത്തിവെച്ചു.