ഹൈദരാബാദ്: ഹൈദരാബാദില്‍ റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു. പിജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ഡി പ്രീതി (26) ആണ് മരിച്ചത്.
ഹൈദരാബാദ് കാകതീയ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിനിയായ പ്രീതി സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങില്‍ മനം നൊന്ത് ബുധനാഴ്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എംജിഎം ആശുപത്രിയിലെ നൈറ്റ് ഷിഫ്റ്റിന് പിന്നാലെ അബോധാവസ്ഥയില്‍ കണ്ട വിദ്യാര്‍ത്ഥിനിയെ ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് കൊണ്ടുപോകുകയായിരുന്നു.
അതേസമയം, പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ രണ്ടാം വര്‍ഷ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥി മുഹമ്മദ് അലി സെയ്ഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണ കുറ്റം, റാഗിങ്, പട്ടിക ജാതി, പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടാതെ, പ്രീതിയുടെ വാട്സ്ആപ്പ് ചാറ്റുകളില്‍ നിന്ന് റാഗിങ്ങിനുള്ള തെളിവുകള്‍ ലഭിച്ചതെന്ന് വാറങ്കല്‍ പൊലീസ് കമ്മീഷണര്‍ എവി രംഗനാഥ് അറിയിച്ചു.
പ്രീതിയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഗോത്രവിഭാഗത്തില്‍ നിന്നുള്ള നിരവധിപേര്‍ കാകതീയ മെഡിക്കല്‍ കോളജിന് മുന്നില്‍ പ്രതിഷേധിച്ചു. അതിനിടെ എന്‍ഐഎംഎസ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോകുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തു.