ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തിങ്കളാഴ്ച തുടക്കം. പുലർച്ചെ 4.30ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. മാർച്ച് 7 നാണ് പൊങ്കാല. അനന്തപുരിയുടെ എല്ലാ വഴികളും ഇനി പത്തുനാൾ ആറ്റുകാലിലേക്ക്.
രാവിലെ 10.30 ന് പണ്ടാര അടുപ്പിൽ തീ പകരും. തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് മേൽശാന്തി ബ്രഹ്മശ്രീ പി കേശവൻ നമ്പൂതിരിക്ക് കൈമാറും. മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും വലിയ തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും തീ പകർന്നശേഷം ദീപം സഹമേൽശാന്തിക്ക് കൈമാറും, സഹമേൽശാന്തി പണ്ടാര അടുപ്പിലേക്ക് തീ പകരും.
ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദ്യം. പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്ന് 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. മാർച്ച് ഒന്നിന് കുത്തിയോട്ട വ്രതം ആരംഭിക്കും. ഇത്തവണ 10-12 പ്രായക്കാരായ കുട്ടികളെ മാത്രമാണ് കുത്തിയോട്ടത്തിൽ പങ്കെടുപ്പിക്കുക. ഇതിനായി 748 കുട്ടികളെ തെരഞ്ഞെടുത്തിട്ടുണ്ട്. മാർച്ച് ഏഴിന് രാത്രി 10.15ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. എട്ടിന് രാത്രി 9.15ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം വെളുപ്പിന് 1.00ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.