തിരുവനന്തപുരം: അധ്യാപകന്റെ സ്പർശനം ‘ബാഡ് ടച്ച്’ ആണെന്ന് ഏഴാം ക്ലാസുകാരിയുടെ മൊഴിയെ തുടർന്ന് അധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആജ് സുദർശൻ ആണ് തള്ളിയത്. സ്കൂളിലെ സംഗീത അധ്യാപകനായ ജോമോനാണ് പ്രതി.
മാതൃകയാകേണ്ട അധ്യാപകന്റെ പ്രവൃത്തി ന്യായീകരിക്കാനില്ല. സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതിനാൽ പ്രതി ജാമ്യത്തിന് അർഹനല്ലായെന്നും കോടതി പറഞ്ഞു.
പ്രതി പല തവണ തൻ്റെ ശരീരഭാഗങ്ങളിൽ പിടിച്ചിട്ടുണ്ടെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി. പല തവണ ഇതാവർത്തിച്ചത് ബാഡ് ടച്ച് ആണെന്ന് തോന്നിയതിനാലാണ് പരാതിപ്പെട്ടതെന്നും ഏഴാം ക്ലാസുകാരി പറഞ്ഞിരുന്നു. ക്ലാസ്സ്റൂമിന്റെ പുറത്ത് വെച്ച് കാണുമ്പോളൊക്കെ തന്നെ ഇഷ്ടമാണെന്ന് തന്നോടും കൂട്ടുകാരിയോടും പ്രതി പറഞ്ഞിട്ടുണ്ടെന്നും വിദ്യാർഥിനി പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ 2023 ഫെബ്രുവരി 10 ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.