തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കിടപ്പുരോഗിയോട് ക്രൂരത. വീട്ടിൽ നിന്ന് കൊണ്ടുവന്ന ഫാൻ ഉപയോഗിച്ചതിന് പണം ഈടാക്കായി. പ്രതിദിനം 50 രൂപയാണ് വെള്ളനാട് സ്വദേശി പ്രദീപിൽ നിന്ന് ഈടാക്കിയത്.
വെള്ളനാട് സ്വദേശി പ്രദീപ് ആശുപത്രി ജീവനക്കാരോട് ഫാൻ ആവശ്യപ്പെട്ടപ്പോള്‍ വീട്ടിൽ നിന്ന് കൊണ്ടുവരാൻ പറയുകയായിരുന്നു. ഫാൻ കൊണ്ട് വന്നപ്പോള്‍ കരണ്ട് ബില്ലായി ദിവസവും അൻപത് രൂപ അടക്കണമെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് സുപ്രണ്ടിന് അപേക്ഷ നൽകി രണ്ട് ദിവസത്തെ കരണ്ട് ചാർജായി 100 രൂപ അടക്കുകയും ചെയ്തു.
പുറത്ത് നിന്ന് ഫാൻ കൊണ്ടുവരുന്നവർ ഫാനിന് ചാർജ് അടക്കണമെന്നത് മാനേജ്മെന്‍റിന്‍റെ തീരുമാനമാണെന്നും പാലിയേറ്റിവ് രോഗി ആയതിനാൽ അടച്ച തുക തിരിച്ചു നൽകാനാണ് തീരുമാനമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
സംഭവം ശ്രദ്ധയിൽപ്പെട്ടില്ലന്നും സാധാരണ പുറത്ത് നിന്നും കൊണ്ടുവരുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങൾ പ്രവർത്തിക്കന്നതിന് ഹോസ്പിറ്റൽ ഡവലപ്പ്മെന്റ് കമ്മറ്റി ചാർജ് ഈടാക്കാറുണ്ട് എന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
ബൈക്കപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ പ്രദീപിനെ മെഡിക്കൽ കോളേജിൽ നിന്നും ഒൻപത് ദിവസം മുൻപാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.