കോട്ടയം: കോട്ടയത്തുനിന്നും കാണാതായ പോലീസ് ഉദ്യോഗസ്ഥൻ തമിഴ്നാട്ടിൽ. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിപിഒ മുഹമ്മദ് ബഷീറാണ് തമിഴ്നാട്ടിലുള്ളത്. ഇക്കാര്യം അദ്ദേഹം തന്നെ കുടുംബത്തെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.
തമിഴ്നാട്ടിലെ ഏർവാടി പള്ളിയിൽ ഉണ്ട്. രണ്ട് ദിവസത്തിനുശേഷം തിരിച്ചുവരുമെന്ന് അറിയിച്ചതായി പോലീസ് പറഞ്ഞു. ജോലി സംബന്ധമായ സമ്മര്‍ദം മൂലം കഴിഞ്ഞ കുറച്ച് ദിവസമായി ഇദ്ദേഹം മനോവിഷമത്തിലായിരുന്നെന്നാണ് വിവരം.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു ഈസ്റ്റ് പോലീസ് സ്റ്റേഷന് സി.പി.ഒ. ബഷീറിനെ ക്വാട്ടേഴ്സില്‍ നിന്ന് കാണാതായത്. വാറണ്ട് പ്രതിയെ പിടികൂടാന്‍ ബഷീര്‍ പോകാനിരിക്കെയാണ് സംഭവം. ബഷീര്‍ കോട്ടയത്തുനിന്നു ട്രെയിനില്‍ കയറിയതായുള്ള സൂചന പോലീസിനു ലഭിച്ചിരുന്നു.
അമിത ജോലിഭാരംമൂലം ബഷീര്‍ സമ്മര്‍ദത്തിലായിരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. ലോങ്ങ് പെന്‍ഡിങ് വാറണ്ട് കേസിലെ പ്രതികളെ പിടിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥന് നിര്‍ദേശിച്ചിരുന്നു. അമ്പതോളം എല്‍.പി. വാറണ്ട് കേസുകള്‍ ബഷീറിന്റെ ചുമതലയില്‍ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.