ന്യൂഡൽഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കേസില്‍ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. എംസിഡിയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് വീണ്ടും നടത്താനുള്ള തീരുമാനം ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാന്‍ മേയര്‍ക്ക് അധികാരമില്ലെന്ന് കോടതി. ബിജെപി അംഗങ്ങളുടെ ഹര്‍ജിയിലാണ് തീരുമാനം.
കഴിഞ്ഞ ദിവസം, ആറംഗ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാതെ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ മേയർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഹര്‍ജി പരിഗണിച്ച ഹൈകോടതി എംസിഡി ചട്ടങ്ങള്‍ വിരുദ്ധമാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനമെന്ന് പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാന്‍ ഡല്‍ഹി മേയര്‍ക്ക് അധികാരമുള്ളതായി ചട്ടങ്ങളില്‍ പറയുന്നില്ലെന്നും. പുതിയ തെരഞ്ഞെടുപ്പിന്റ ആവശ്യം ഇല്ലെന്ന് കോടതി വ്യക്തമാക്കി. ലഫ്. ഗവര്‍ണര്‍ക്കും മേയര്‍ക്കും നോട്ടീസ് അയച്ച കോടതി മറുപടി നല്‍കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. കഴിഞ്ഞ കൗണ്‍സിലില്‍ തമ്മിലടിച്ച ബിജെപി-എഎപി അംഗങ്ങള്‍ പരസ്പരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ കൗൺസിൽ ഹാളിൽ കഴിഞ്ഞ ദിവസവും കൂട്ടത്തല്ല് അരങ്ങേറിയിരുന്നു. ഒരു വോട്ട് അസാധുവാണെന്ന മേയറുടെ പ്രഖ്യാപനത്തിനു പിന്നാലെ ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ വോട്ടെണ്ണല്‍ തടസ്സപ്പെടുത്തി. എന്നാല്‍, അസാധുവായ വോട്ട് ഒഴിവാക്കിയേ ഫലപ്രഖ്യാപനം നടത്തൂവെന്ന നിലപാടില്‍ മേയര്‍ ഉറച്ചുനിന്നു. ഇതോടെയാണ് സംഘര്‍ഷം രൂപംകൊണ്ടത്. സംഘര്‍ഷത്തിന്റെ വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു. അംഗങ്ങൾ പരസ്പരം ചെരുപ്പൂരി അടിക്കുകയും മർദിച്ച്, നിലത്തിട്ടു ചവിട്ടുകയും ചെയ്തു. സംഘർഷത്തിൽ ചില കൗൺസിലർ ബോധരഹിതരായി. കോൺഗ്രസിന്റെ അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു.