ന്യൂഡൽഹി: രാജ്യത്ത് സാധാരണക്കാർ അഴിമതി കാരണം പൊറുതിമുട്ടിയെന്ന് സുപ്രീം കോടതി. സർക്കാർ ഓഫീസുകളിൽ എത്തുന്ന മനുഷ്യർക്ക് ഇതിന്റെ ദുരിതം അനുഭവിക്കാതെ പുറത്തിറങ്ങാനാകില്ലെന്ന് ജസ്റ്റിസ് കെ.എം ജോസഫ് ചൂണ്ടിക്കാട്ടി.
സർക്കാർ സംവിധാനങ്ങളുടെ എല്ലാ തലങ്ങളിലും ഉത്തരവാദിത്വം വേണമെന്ന് ജസ്റ്റീസ് ബി.വി. നാഗരത്ന പറഞ്ഞു.സമസ്ത മേഖലകളിലും അഴിമതി തടയാൻ ആരെയെങ്കിലും ഉത്തരവാദികൾ ആക്കേണ്ട സമയം അതിക്രമിച്ചതായും കോടതി അഭിപ്രായപ്പെട്ടു. ക്രിമിനൽ കേസുകളിൽ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുക ആയിരുന്നു സുപ്രീംകോടതി.
കുറ്റങ്ങൾ ചുമത്തപ്പെട്ടാൽ ഒരാൾക്ക് ചെറിയ സർക്കാർ ജോലി പോലും കിട്ടാൻ സാധ്യത ഇല്ലെന്നിരിക്കേ, തെരെഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ സാധിക്കുമെന്നത് പരിശോധിക്കണമെന്ന് ഹർജിക്കാരനായ അശ്വിനി ഉപാധ്യായ ആവശ്യപ്പെട്ടു. രാജ്യത്ത് ജനാധിപത്യത്തിന്റെ പേരിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഒന്നും പറയാതിരിക്കുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് ജോസഫ് പ്രതികരിച്ചു.
കേരളം ഉൾപെടെ ചില സംസ്ഥാനങ്ങളിൽ ജനന, മരണ സർട്ടിഫിക്കറ്റുകൾ കൃത്യസമയത്ത് നൽകിയില്ലെങ്കിൽ പിഴ ഈടാക്കുമെന്നും വാദത്തിനിടെ കോടതി നിരീക്ഷിച്ചു. കേസിൽ ഏപ്രിൽ പത്തിന് കോടതി അന്തിമ വാദം കേൾക്കും.