ന്യൂഡൽഹി: ഡൽഹി മുന്‍സിപ്പല്‍ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടെ വീണ്ടും കയ്യാങ്കളി. കൗണ്‍സില്‍ ഹാളില്‍ അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്. സ്റ്റാൻഡിംഗ് കമ്മിറ്റി വോട്ടെണ്ണലിൽ ഒരു വോട്ട് അസാധുവായതിനെ ചൊല്ലിയായിരുന്നു തർക്കം.
ബിജെപി, ആം ആദ്മി പാർട്ടി അംഗങ്ങൾ മേശപ്പുറത്തു കയറിനിന്ന് മുദ്രാവാക്യങ്ങൾ മുഴക്കി. കുപ്പിയും ചെരുപ്പും വെച്ച് പരസ്പരം എറിഞ്ഞു.
സ്റ്റാൻഡിങ് കമ്മിറ്റിയിലെ ആറ് അംഗങ്ങളെയാണ് ഇന്ന് തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഭവാനയിലെ ആം ആദ്മി പാർട്ടിയുടെ കൗൺസിലർ പവൻ സഹരാവത്ത് ബിജെപിയിൽ ചേർന്നിരുന്നു.
വീണ്ടും വോട്ടെണ്ണൽ അനുവദിക്കില്ലെന്നായിരുന്നു ബിജെപി നിലപാട്. എന്നാൽ വീണ്ടും വോട്ട് എണ്ണണമെന്ന് എഎപി ആവശ്യപ്പെട്ടു. 250 അംഗ കൗൺസിലിൽ 242 പേരാണ് ആറംഗ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. ഇതിൽ ഒരു വോട്ട് അസാധുവാണെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആം ആദ്മി പാർട്ടി മേയർ ഷെല്ലി ഒബ്രോയ് പ്രഖ്യാപിച്ചു.
ഇതോടെ ബിജെപി അംഗങ്ങൾ ബഹളംവച്ചു. ജയ് ശ്രീ റാം, മോദി വിളികൾ മുഴക്കിയ ബിജെപിക്ക് എതിരായി ആപ്പ് അരവിന്ദ് കേജരിവാളിന് സിന്ദാബാദ് വിളിച്ചു.