തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സഹായ വിതരണത്തിൽ അടിമുടി ക്രമക്കേടെന്ന് വിജിലൻസ്. താലൂക്ക്,വില്ലേജ് അടിസ്ഥാനത്തിൽ വിജിലൻസ് പരിശോധന ശക്തമാക്കി. വിശദമായ പരിശോധനയിൽ കൂടുതൽ തട്ടിപ്പുകൾ കണ്ടെത്തി.
ഏജന്റിന്റെ ഫോൺ നമ്പറാണ് വർക്കലയിൽ ആറ് അപേക്ഷകളിൽ നൽകിയത്. കൊല്ലത്ത് അപേക്ഷിക്കാത്ത ആളിന് നൽകിയത് നാല് ലക്ഷം രൂപയാണ്. അടൂർ ഏനാദി മംഗളത്ത് 61 അപേക്ഷകളിൽ ഒരു ഫോൺ നമ്പറാണ് നൽകിയത്. ആലപ്പുഴയിൽ ഒമ്പത് മെഡിക്കൽ സർട്ടിഫിക്കറ്റുകളാണ് ഒരു ദിവസം ഒരു ഡോക്ടർ നൽകിയത്.
ഉദരരോഗത്തിന് ഒരു ദിവസം ചികിത്സ തേടിയ ആൾക്ക് ഹൃദ്രോഗത്തിനു പണം നൽകിയെന്ന് വിജിലൻസ് കണ്ടെത്തി. കൊല്ലത്ത് ഒരു കേടുമില്ലാത്ത വീട് പുതുക്കി പണിയാൻ നാല് ലക്ഷം അനുവദിച്ചു. കരുനാഗപ്പള്ളി താലൂക്കിൽ 13 പേർക്കുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത് ഒരു ഡോക്ടറെന്നും വിജിലൻസ് കണ്ടെത്തി.
ആലത്തൂരിൽ 54 സർട്ടിഫിക്കറ്റും നൽകിയത് ഒരു ആയുർവേദ ഡോക്ടർ ആണെന്നും കണ്ടെത്തി. കോഴിക്കോട്ട് പ്രവാസിയുടെ മകനു മൂന്ന് ലക്ഷം രൂപ ചികിത്സ സഹായം നൽകിയെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് തട്ടിയെടുക്കുന്നതിനായി വ്യാപക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരും ഇടനിലക്കാരും ഡോക്ടര്‍മാരും അടക്കമുള്ളവര്‍ ഉള്‍പ്പെടുന്ന വന്‍ തട്ടിപ്പാണ് നടന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണമാണ് വിജിലൻസ് നടത്തുന്നത്.
സംസ്ഥാനത്തെ 14 കലക്ടറേറ്റുകളിലാണ് ‘ഓപ്പറേഷൻ സിഎംഡിആർഎഫ്’ എന്ന പേരിൽ പരിശോധന നടന്നത്. വ്യാജ രേഖകൾ ചമച്ച് സഹായം തട്ടിയെടുക്കുന്നു, ഏജന്റുമാർ കമ്മിഷൻ തട്ടിയെടുക്കുന്നു എന്നിവയാണ് പ്രധാന പരാതികൾ. രോഗമില്ലാത്തവരക്കൊണ്ടും അപേക്ഷകൾ നൽകിച്ച് പണം തട്ടിയതിനു പിന്നിൽ ഏജന്റുമാരുടെ ഒത്തുകളിയാണെന്ന് പരിശോധനയിൽ വ്യക്തമായി. തട്ടിപ്പിന് ഉദ്യോഗസ്ഥരും കൂട്ടുനിന്നോ എന്ന കാര്യം വിജിലൻസ് വിശദമായി പരിശോധിക്കും.