ദുബായ്: ഇന്ത്യയിൽ നിന്നുള്ള മില്ലറ്റ് (ചെറുധാന്യം) കയറ്റുമതിക്ക് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന അഗ്രികൽച്ചറൽ ആൻഡ് പ്രോസസ് ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട് ഡവലപ്പ് മെൻ്റ് അതോറിറ്റിയും (അപ്പേഡ) ലുലു ഗ്രൂപ്പും തമ്മിൽ ധാരണയിലെത്തി. ദുബായിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ പ്രദർശനമായ ഗൾഫുഡിൽ വെച്ചാണ് തീരുമാനം.
അപ്പേഡ ചെയർമാൻ ഡോ: എം. അംഗമുത്തു, ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ അപ്പേഡ ഡയറക്ടർ തരുൺ ബജാജും ലുലു ഗ്രൂപ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ വി.ഐ. സലീമും ധാരണയിൽ ഒപ്പ് വെച്ചു.
ധാരണ പ്രകാരം മില്ലറ്റ് ഉൽപ്പന്നങ്ങൾ സംഭരിച്ച് ഗൾഫ് നാടുകളിലേക്ക് കയറ്റുമതി ചെയ്യുകയും വിപണിയിൽ എത്തിക്കുക്കയും ചെയ്യുന്ന പ്രവർത്തനങ്ങൾ ലുലു ഗ്രൂപ്പ് നടത്തും. മില്ലറ്റുകളും മൂല്യവർധിത ഉൽപ്പന്നങ്ങളും റെഡി ടു ഈറ്റ് വിഭവങ്ങളും വനിതാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, കാർഷിക കൂട്ടായ്മകൾ എന്നിവരിൽ നിന്നുമാണ് മില്ലറ്റുകൾ സംഭരിച്ച് കയറ്റുമതി ചെയ്യുക. ഇറക്കുമതി ചെയ്യുന്ന വിവിധ രാജ്യങ്ങളുടെ ആവശ്യകതയ്ക്ക് അനുസൃതമായി മില്ലറ്റ് ഉൽപ്പന്നങ്ങൾ ആധുനിക രീതിയിൽ പാക്കിംഗ് ചെയ്യുന്നതിനുള്ള സഹായം അപ്പേഡ നൽകും
മില്ലറ്റിൻ്റെ ഉപയോഗം പൊതുജനങ്ങൾക്കിടയിൽ വ്യാപകമാക്കുന്നതിനും വിദേശ രാജ്യങ്ങളിൽ കൂടുതൽ പ്രചാരം ലഭിക്കുന്നതിനും കേന്ദ്ര സർക്കാർ 2023 മില്ലറ്റ് വർഷമായി ആചരിക്കുകയാണ്.
ആരോഗ്യ സംരക്ഷണത്തിന് ആളുകൾക്കിടയിൽ മില്ലറ്റിന് പ്രഥമസ്ഥാനമാണുള്ളത്. ഭക്ഷ്യാവശ്യങ്ങൾക്കായി കൃഷി ചെയ്യുന്ന ധാന്യവിളകളിൽ ഉൾപ്പെടുന്നവയാണ് മില്ലറ്റ് അല്ലെങ്കിൽ ചെറുധാന്യങ്ങൾ.