ചെങ്ങമനാട് പഞ്ചായത്തിലെ 75ാം നമ്പർ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയുടെ അവശിഷ്ടം. രണ്ട് മാസം മുമ്പാണ് അങ്കണവാടിയിൽ നിന്ന് പൊടി നൽകിയത്. 500 ഗ്രാം തൂക്കമുള്ള ആറ് പാക്കറ്റ് (മൂന്ന് കിലോ) അമൃതം പൊടിയാണ് ഓരോ കുട്ടികൾക്കും നൽകുന്നത്. അവസാന പാക്കറ്റ് വീട്ടുകാർ വ്യാഴാഴ്ച രാവിലെ പൊട്ടിച്ചപ്പോഴാണ് പല്ലിയുടെ ഉണങ്ങിയ അവശിഷ്ടം കണ്ടെത്തിയത്.
ഗൃഹനാഥ സംഭവം അങ്കണവാടിയിൽ അറിയിച്ചു. ഇതോടെ വീട്ടിലെത്തി പരിശോധിച്ച ആശാവർക്കർ മേലാധികാരികളെ വിവരം അറിയിച്ചു. കേരള സർക്കാർ – വനിതാ, ശിശുവികസന വകുപ്പ് സംയോജിത ശിശുവികസന സേവന പദ്ധതിക്കായി കുടുംബശ്രീ തയ്യാറാക്കുന്ന ഗോതമ്പ്, കടലപ്പരിപ്പ്, നിലക്കടല, സോയാബിൻ, പഞ്ചസാര എന്നിവ ചേർത്തുള്ള ഉത്പ്പന്നമാണ് അമൃതം ന്യൂട്രിമിക്സ്.