പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം വഴി നടപ്പാക്കുന്ന സ്‌കൂള്‍ വെതര്‍സ്റ്റേഷന്‍ പദ്ധതി രാജ്യത്തെ തന്നെ മികച്ച വിദ്യാഭ്യാസ മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ വെതര്‍സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ അനുവദിച്ച 34 വെതര്‍ സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ വകുപ്പിന് സാമൂഹിക ഇടപെടല്‍ നടത്താന്‍ പര്യാപ്തമാക്കുന്നതാണ് പദ്ധതി. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സമയത്തും കാലാവസ്ഥാ വ്യതിയാനം മനസ്സിലാക്കുന്നതിനും മറ്റു ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഇത്തരം വിവരങ്ങള്‍ ഗുണകരമാകും. കാലാവസ്ഥയില്‍ വരുന്ന പ്രകടമായ വ്യത്യാസങ്ങള്‍ സ്‌കൂള്‍ തലം മുതല്‍ തിരിച്ചറിയാന്‍ കുട്ടിയെ പ്രാപതരാക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം വഴി സ്‌കൂള്‍തലത്തില്‍ അന്തരീക്ഷത്തിലെ ദിനാവസ്ഥയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന വ്യതിയാനം മനസ്സിലാക്കുന്നതിനും കാലാവസ്ഥ പ്രവചനങ്ങള്‍ നടത്തുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനുമായി ആവിഷ്‌കരിച്ച പദ്ധതിയാണ് സ്‌കൂള്‍ വെതര്‍സ്റ്റേഷന്‍ (സ്‌കൂള്‍കാലാവസ്ഥ ഗവേഷണകേന്ദ്രങ്ങള്‍). സ്‌കൂളുകളില്‍ സ്ഥാപിക്കുന്ന വെതര്‍ സ്റ്റേഷനുകളിലൂടെ ലഭിക്കുന്ന പ്രാദേശിക കാലാവസ്ഥാ വിവരങ്ങള്‍ കാലാവസ്ഥ പഠനകേന്ദ്രങ്ങള്‍ക്ക് കൈമാറുന്നതിനും കാലാവസ്ഥ വിവരങ്ങള്‍ പൊതുസമൂഹത്തിന് അനുഗുണമാക്കുന്നതിനുതകുന്ന ഗവേഷണാത്മക പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍തലങ്ങളില്‍ നടപ്പിലാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. എസ്.എം.വി ഗവ. മോഡല്‍ എച്ച്എസ് എസില്‍ നടന്ന പരിപാടിയില്‍ സര്‍വശിക്ഷാ അഭിയാന്‍ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ. എ ആര്‍ സുപ്രിയ മുഖ്യപ്രഭാഷണം നടത്തി. തമ്പാനൂര്‍ കൗണ്‍സിലര്‍ സി ഹരികുമാര്‍, പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.