കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലത്ത് മരിച്ചയാളിന്റെ പേരിലും ധനസഹായം തട്ടിയതായി വിജിലന്‍സിന് സംശയം. ജില്ലയില്‍ ഇന്നലെ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് മരിച്ചയാളുടെ പേരില്‍ ധനസഹായം തട്ടിയതായി സംശയം തോന്നിയത്. അപേക്ഷകന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തും. തുടര്‍ന്ന് ഡോക്ടര്‍മാരുടെയും ഇടനിലക്കാരുടെയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തും.
അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിയെടുത്ത സംഭവത്തില്‍ ഇന്നും വ്യാപക പരിശോധന തുടരും. കഴിഞ്ഞ രണ്ട് വര്‍ഷത്തെ മുഴുവന്‍ ഫയലുകളും പരിശോധിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന അപേക്ഷയില്‍ തഹസില്‍ദാര്‍മാര്‍ക്ക് 2000 രൂപ വരെയും ജില്ലാ കളക്ടര്‍മാര്‍ക്ക് 10000 രൂപ വരെയും സഹായം നല്‍കാന്‍ അനുവാദമുണ്ട്. അതില്‍ കൂടുതലാണ് അവശ്യമെങ്കില്‍ ആ ഫയല്‍ സര്‍ക്കാരിന് അയച്ച് സഹായം വാങ്ങണം. മൂന്ന് ലക്ഷം രൂപവരെ ഇത്തരത്തില്‍ ലഭിക്കും.