ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ തുടക്കമാകും. ഛത്തീസ്ഗഡിലെ റായ്പൂരില്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പതിനയ്യായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. 1338 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. കോണ്‍ഗ്രസ് ദേശീയ ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍ തുടങ്ങിയവരെ സമ്മേളനം തെരഞ്ഞെടുക്കും.
അതേസമയം, പൊതു തെരഞ്ഞെടുപ്പ് വരാനിരികെ നടക്കുന്ന സമ്മേളനത്തില്‍ പ്രതിപക്ഷ സഖ്യത്തിലടക്കം നിര്‍ണായക പ്രമേയങ്ങള്‍ അവതരിപ്പിക്കും. പ്രവര്‍ത്തക സമതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ സുപ്രധാന തീരുമാനം നാളത്തെ സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിലുണ്ടാവും. പ്ലീനറി സമ്മേളനം കണക്കിലെടുത്ത് റായ്പൂരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തോളം പോലീസുകാരെ സുരക്ഷക്കായി വിന്യസിപ്പിച്ചിട്ടുണ്ട്. പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദ്ദേശം മതിയെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിലും രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണ്ണായകമാകും.
കേരളത്തില്‍ എകെ ആന്റണി, ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍ എന്നിവരാണ് പ്രവര്‍ത്തക സമിതിയുള്ളത്. ഇതില്‍ കെസി വേണുഗോപാല്‍ തുടരും. അതേസമയം ആന്റണിയും ഉമ്മന്‍ചാണ്ടിയും ഒഴിഞ്ഞേക്കുമെന്നാണ് സൂചനകള്‍.