തിരുവനന്തപുരം: കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഈ വര്‍ഷം സെപ്തംബര്‍ മാസത്തിന് മുമ്പായി പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി. രാജേഷ്. ലെന്‍സ്ഫെഡിന്റെ ആഭിമുഖ്യത്തില്‍ കെട്ടിട നിര്‍മ്മാണ ചട്ടഭേദഗതികളും ഓണ്‍ലൈന്‍ പ്ലാന്‍സ് സമര്‍പ്പണവും എന്ന വിഷയത്തെക്കുറിച്ചുള്ള ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പരിഷ്കരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞു. ഇതിനായി എല്ലാ വിഭാഗം ആള്‍ക്കാരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലേയും സോഫ്റ്റ്വെയര് ഏകീകരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. സമയബന്ധിതമായും കാര്യക്ഷമമായും കാര്യങ്ങള്‍ നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തും. ഇതിനായി സെല്‍ഫ് സര്ട്ടിഫിക്കേഷന് നിര്‍ബന്ധമാക്കും. ഇതോടെ ഓണ്‍ലൈന്‍ ആയിത്തന്നെ പ്ലാന്‍ സമര്‍പ്പിക്കാനും ഓണ്‍ലൈനായി തന്നെ കാലതാമസം ഇല്ലാതെ പെര്‍മിറ്റ് ലഭ്യമാക്കാനും സാധിക്കും. അതിനുവേണ്ടി ഫീസ് ഘടനയില്‍ കാലോചിതമായ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. ശില്പശാലയില് ലെന്‍സ്ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ് കുമാര്‍ അധ്യക്ഷനായി.
സ്ഥാപക ജനറല്‍ സെക്രട്ടറി ആര്.കെ. മണിശങ്കര്‍ സ്വാഗതം ആശംസിച്ചു. ലെന്‍സ്ഫെഡ് ബില്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ. സലിം വിഷയാവതരണം നടത്തി. തദ്ദേശ സ്വയംവരണവകുപ്പ് അഡീഷണല്‍ പ്രൈവറ്റ്സെക്രട്ടറി എം. സുരേശന്, എല്‍.എസ്.ജി.ഡി. ചീഫ് എന്‍ജിനീയര്‍ ജോണ്സണ് കെ., ഐ.കെ.എം. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോക്ടര്‍ സന്തോഷ് ബാബു ഐഎഎസ്, സീനിയര്‍ ടൗണ്‍ പ്ലാനര്‍ ടി. ബൈജു , മുന്‍സിപ്പല്‍ അഡ്മിനിസ്ട്രേഷന് ജോയിന്റ് ഡയറക്ടര്‍ കെ. ഹരികുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. മുന്‍ സംസ്ഥാന നേതാക്കളായ ഷമീം, സുനില്‍കുമാര്‍ എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്കി.