കൊച്ചി: എറണാകുളം നഗരമധ്യത്തിൽ വീണ്ടും കേബിൾ കുരുങ്ങി അപകടം. ബൈക്ക് യാത്രികനായ അഭിഭാഷകന്‍റെ കഴുത്തിലാണ് കേബിൾ കുടുങ്ങിയത്. ബൈക്ക് മറിഞ്ഞ് അഭിഭാഷകനായ കുര്യന് പരിക്കേറ്റു.
രാവിലെ മകളെ സൗത്ത് റെയിൽവേ സ്റ്റേഷനിൽ വിട്ട് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കേബിൾ കുടുങ്ങി വണ്ടിയിൽ നിന്ന് താഴെ വീണ കുര്യന്റെ കാലിന് ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊച്ചിയിൽ കേബിൾ കുടുങ്ങി അപകടം തുടർക്കഥയായതോടെ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ചൊവ്വാഴ്ച യോഗം ചേരുകയും അപകടകരമാം വിധത്തിലുള്ള കേബിളുകൾ എത്രയും വേഗം മാറ്റണമെന്ന് മന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് തൊട്ടു പിന്നാലെയാണിപ്പോൾ വീണ്ടും അപകടമുണ്ടായിരിക്കുന്നത്.