കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിനായി മഞ്ജു വാര്യര്‍ കോടതിയില്‍ ഹാജരായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മഞ്ജു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെത്തിയത്. ദിലീപിനെതിരായ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത തെളിയിക്കാനായാണ് മഞ്ജു വാര്യരെ കേസില്‍ വീണ്ടും വിസ്തരിക്കുന്നത്.
സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദ രേഖകൾ മഞ്ജു വാര്യരെ കേൾപ്പിക്കും. ദിലീപിന്റെ സഹോദരൻ അനൂപ് ഉൾപ്പെടെ ഉള്ളവരുടെ ശബ്ദങ്ങൾ മഞ്ജു തിരിച്ചറിയുമോ എന്നാണ് പരിശോധിക്കുന്നത്.
മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരേ ദിലീപ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വോയിസ് ക്ലിപ്പുകളെ സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് വിചാരണക്കോടതിയുടെ പരിഗണനയിൽ ആണ്. ഈ ഘട്ടത്തിൽ തന്നോട് വിരോധമുള്ള മഞ്ജു വാര്യരെ ഉപയോഗിച്ച് തെറ്റായ രീതിയിൽ അസത്യം പ്രസ്താവിപ്പിക്കുകയാണ് ലക്ഷ്യമെന്നും ദിലീപ് കോടതിയിൽ വാദിച്ചിരുന്നു.
എന്നാല്‍ ഈ വാദങ്ങള്‍ സുപ്രീംകോടതി തള്ളി. ആരെ വിസ്തരിക്കണമെന്ന് പ്രതിക്ക് നിശ്ചയിക്കാനാവില്ലെന്ന അതിജീവിതയുടെ വാദം കോടതി അംഗീകരിച്ചു. വിചാരണ വേഗം പൂര്‍ത്തിയാക്കണമെന്നും മാര്‍ച്ച് 24-നകം പുരോഗതിറിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.