ആലപ്പുഴ: വനിതാ നേതാവിനെ ബൈക്കിടിപ്പിച്ച് വീഴ്ത്തി മർദിച്ച ഡിവൈഎഫ്‌ഐ നേതാവിനെ സംഘടനയിൽ നിന്ന് പുറത്താക്കി. ഹരിപ്പാട് എസ്എഫ്‌ഐ ഏരിയ പ്രസിഡന്റായ ചിന്നുവിനെ മർദിച്ച അമ്പാടി ഉണ്ണിയെയാണ് ഡിവൈഎഫ്‌ഐ പുറത്താക്കിയത്. ഡിവൈഎഫ്‌ഐ ഹരിപ്പാട് ബ്ലോക്ക് വൈസ് പ്രസിഡന്റാണ് ഉണ്ണി. തുടർനടപടികൾ നാളെ ചേരുന്ന ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ നേതൃ യോഗത്തിൽ തീരുമാനിക്കും.
ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ചിന്നുവിനെ അമ്പാടി ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. തലയ്ക്കും ശരീരത്തും മുറിവേറ്റ ചിന്നുവിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് വൈകീട്ട് സുഹൃത്ത് വിഷ്ണുവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന ചിന്നുവിനെ അമ്പാടി ഉണ്ണി വണ്ടിയിടിച്ച് വീഴ്ത്തുകകയിരുന്നു. തുടർന്ന് അമ്പാടി ഉണ്ണിയും കൂടെയുണ്ടായിരുന്ന നാല് പേരും ചേർന്ന് വിദ്യാർത്ഥിനിയെ മർദിക്കുകയായിരുന്നു. മർദിക്കുന്നതിനിടെ ചിന്നുവിന് അപസ്മാരം ഉണ്ടാവുകയും ചെയ്തിരുന്നു. ആക്രമണത്തിനിരയായ ചിന്നു കേരള സർവകലാശാല യൂണിയൻ വൈസ് ചെയർമാനാണ്.
ഉണ്ണിയുടെ വിവാഹം മുടക്കാൻ ചിന്നുവും സുഹൃത്തും ശ്രമിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. പൊലീസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് അമ്പാടി ഉണ്ണിയും ചിന്നുവും മുൻപ് സൗഹൃദത്തിൽ ആയിരുന്നു. പിന്നീട് ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായി. തുടർന്ന്, അമ്പാടി ഉണ്ണിയിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടാകുന്നു എന്ന് ചൂണ്ടി കാണിച്ച് ചിന്നുവും ഏതാനും പെൺകുട്ടികളും സിപിഐഎം ഏരിയ നേതൃത്വത്തിനും ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിക്കും പരാതി നൽകിയിരുന്നു. പരാതിയിൽ ഡിവൈഎഫ്ഐ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇന്നലെ കമ്മീഷൻ റിപ്പോർട്ടും സമർപ്പിച്ചിരുന്നു.