മുംബൈ: തെരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചുവിടണമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കമ്മീഷനെതിരെ എല്ലാവരും ഒന്നിക്കണം. അല്ലാത്തപക്ഷം ശിവസേനയ്ക്ക് ഇപ്പോൾ സംഭവിക്കുന്നതുപോലെ മറ്റ് പാർട്ടികൾക്കും പിന്നീട് സംഭവിക്കും. തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു. 2024നുശേഷം രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുമോ എന്നും താക്കറെ സംശയം പ്രകടിപ്പിച്ചു.
എല്ലാം തന്നിൽ നിന്ന് മോഷ്ടിക്കപ്പെട്ടു. തങ്ങളുടെ പാർട്ടിയുടെ പേരും ചിഹ്നവും മോഷ്ടിക്കപ്പെട്ടു. പക്ഷേ “താക്കറെ’ എന്ന പേര് മോഷ്ടിക്കാൻ കഴിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തീരുമാനത്തിനെതിരെ തങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു, വാദം ചൊവ്വാഴ്ച മുതൽ ആരംഭിക്കും. തന്റെ പാർട്ടിക്കെതിരായ നീക്കങ്ങൾ ബിജെപി ആസൂത്രണം ചെയ്യുകയാണെന്നും ഉദ്ധവ് ആരോപിച്ചു.
മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ഗ്രൂപ്പിനെ യഥാർഥ ശിവസേനയായി അംഗീകരിച്ച് പാർട്ടിയുടെ പരമ്പരാഗത ചിഹ്നമായ വില്ലും അമ്പും അവർക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാനപരമായി തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരഞ്ഞെടുത്തിട്ടില്ല. നിയമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒരു ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇത് മാത്രമല്ല ശിവസേനയ്ക്കെതിരായ നിരവധി കേസുകൾ കോടതിയിൽ കെട്ടിക്കിടക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതെല്ലാം ചെയ്യേണ്ടതിന്റെ ആവശ്യകത എന്തായിരുന്നുവെന്നും ഉദ്ധവ് ചോദിച്ചു.