തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പുതിയ ശമ്പള ഉത്തരവിനെതിരെ പ്രതിഷേധം കടുപ്പിച്ച് സി.ഐ.ടി.യു. മാനേജ്‌മെന്റിനെതിരെ ജീവനക്കാർ മുഖ്യമന്ത്രിക്ക് കത്തയക്കും. 10,000 കത്തുകളാണ് പ്രതിഷേധ സൂചകമായി മുഖ്യമന്ത്രിക്ക് അയക്കുക.
ഗതാഗതമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്ത ശേഷം യൂണിയനുമായി വേണമെങ്കിൽ ചർച്ച നടത്താമെന്ന നിലപാട് ഇടത് നയത്തിന് വിരുദ്ധമാണെന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ ബാലൻ പറഞ്ഞു.
തൊഴിലാളികളെ ഒരു സംഘടനയിലേക്ക് എത്തിക്കാൻ മാനേജ്‌മെന്റ് ശ്രമിക്കുകയാണ്. വകുപ്പ് മന്ത്രിക്ക് ഇത് തിരിച്ചറിയാൻ കഴിയണമെന്ന് ബാലൻ പറഞ്ഞു. ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിന് പിന്നിൽ മാനേജ്‌മെന്റിനു മറ്റെന്തോ അജണ്ടയുണ്ട്. ഒരു വിഭാഗം ഉദ്യോഗസ്ഥർ മന്ത്രിമാരെ സോപ്പിട്ടു കാര്യം കാണുന്നു. ഇത്തരം ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ സർക്കാരിന് കഴിയണമെന്നും എകെ ബാലൻ തുറന്നടിച്ചു.
ആവശ്യപ്പെടുന്നവർക്ക് ശമ്പളം ഗഡുക്കളായി നൽകുമെന്നും മുഴുവൻ ശമ്പളവും ഒന്നിച്ച് വേണ്ടവർക്ക് സർക്കാർ സഹായം കൂടി ലഭിച്ച ശേഷം നൽകാമെന്നുമാണ് മാനേജ്‌മെന്റ് മുന്നോട്ടുവെച്ച പുതിയ നിർദേശം.