ന്യൂഡല്‍ഹി: ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ തങ്ങളുടെ മധ്യമപ്രവർത്തകരെ മണിക്കൂറുകളോളം ജോലി ചെയ്യാൻ അനുവദിച്ചില്ലെന്ന് ബിബിസി. ഉദ്യോഗസ്ഥര്‍ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതായും ബിബിസി ആരോപിച്ചു.
ബിബിസി ഹിന്ദി വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിലൂടെയാണ് വിമർശനം ഉന്നയിച്ചത്. ജീവനക്കാരുടെ കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണും പിടിച്ചെടുത്തതായും പ്രവര്‍ത്തനരീതി ചോദിച്ചറിഞ്ഞതായും ലേഖനത്തില്‍ പറയുന്നു.
ജോലി ചെയ്യാൻ അനുവദിക്കണമെന്ന് മുതിർന്ന എഡിറ്റർമാർ നിരന്തരമായി അഭ്യർഥിച്ചതിന്റെ ഫലമായി ചിലരെ അതിന് അനുവദിച്ചെങ്കിലും ഹിന്ദി, ഇംഗ്ലീഷ് വിഭാഗത്തിലുള്ള മാധ്യമപ്രവർത്തകരെ അതിൽനിന്നു വിലക്കി. പ്രക്ഷേപണം സമയം അവസാനിച്ചതിനു ശേഷം മാത്രമാണ് ഈ ഭാഷകളിലുള്ളവരെ ജോലി ചെയ്യാൻ അനുവദിച്ചത്. ഡൽഹി ഓഫിസിലെ ജീവനക്കാർക്ക് പരിശോധനാ നടപടികളെക്കുറിച്ച് എഴുതുന്നതിൽ വിലക്കുണ്ടായിരുന്നെന്നും ലേഖനത്തിൽ പറഞ്ഞു.
എന്നാല്‍ ബിബിസി ജീവനക്കാരുടെ ജോലി തടസപ്പെടുത്താതെയാണ് സര്‍വെ നടത്തിയതെന്നാണ് ആദായ നികുതി വകുപ്പിന്റെ വാദം. മൂന്ന് ദിവസമാണ് രാത്രി ഉള്‍പ്പെടെ ബിസിസി ഓഫിസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നത്. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് മുംബൈയിലെയും ഡല്‍ഹിയിലെയും ബിബിസി ഓഫീസുകളില്‍ മൂന്ന് ദിവസമായി നടന്നിരുന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡ് അവസാനിച്ചത്. ഡല്‍ഹിയില്‍ 60 മണിക്കൂറും മുംബൈയില്‍ 55 മണിക്കൂറുമാണ് സര്‍വേ നടത്തിയത്. ബിബിസി ഓഫീസില്‍ നിന്ന് നിരവധി രേഖകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡ്രൈവുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ആദായ നികുതി ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ് പരിശോധന നടന്നതെന്നാണ് ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നത്. ഓഫീസുകളിലെ പ്രധാന ജീവനക്കാരുടെ മൊഴികള്‍ രേഖപ്പെടുത്തി. ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തെന്ന വാദവും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തള്ളി.
ബിബിസിയുടെ ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ നികുതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ പൊരുത്തക്കേടുകൾ കണ്ടെത്തിയതായി കേന്ദ്ര ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.