കോട്ടയം: ജസ്‌ന തിരോധാനക്കേസില്‍ വഴിത്തിരിവ് ആയേക്കാവുന്ന നിര്‍ണായക മൊഴി സിബിഐക്ക്. തനിക്കൊപ്പം ജയിലിലുണ്ടായിരുന്ന മോഷണ കേസിലെ പ്രതിക്ക് ജസ്ന തിരോധാനത്തെ കുറിച്ച് അറിയാമെന്നും തന്നോടത് പറഞ്ഞുവെന്നുമാണ് യുവാവിന്റെ മൊഴി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പോക്‌സോ കേസിലെ പ്രതിയാണ് സിബിഐയെ വിളിച്ച് വിവരം കൈമാറിയത്. അതേസമയം, മോഷണ കേസില്‍ പുറത്തിറങ്ങിയ പത്തനംതിട്ട സ്വദേശി ഒളിവിലാണ്.
2018 മാര്‍ച്ച 22നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്‌നാ മരിയ ജയിംസിനെ എരുമേലിയില്‍ നിന്നും കാണാതാകുന്നത്. വീട്ടില്‍ നിന്നും മുണ്ടകയത്തെ ബന്ധുവീട്ടിലേക്ക് പോയ ജസ്‌നെ പിന്നീട് ആരും കണ്ടിട്ടില്ല. കേസില്‍ ക്രൈംബ്രാഞ്ചടക്കം കേരളാ പോലീസിന്റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അന്വേഷണ പുരോഗതിയില്ലെന്ന് കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് 2021 ഫെബ്രുവരിയില്‍ കേസ് സിബിഐക്ക് കൈമാറാന്‍ കോടതി ഉത്തരവിടുന്നത്.