കണ്ണൂർ: സിപിഐഎം തില്ലങ്കേരിയിൽ സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുതിർന്ന നേതാവ് പി. ജയരാജനും പങ്കെടുക്കും. മറ്റന്നാളാണ് സിപിഐഎം തില്ലങ്കേരിയിൽ യോഗം സംഘടിപ്പിക്കുന്നത്. പി. ജയരാജനെക്കൂടി പങ്കെടുപ്പിക്കാൻ നേതൃത്വം വിശദീകരണം നൽകുകയായിരുന്നു.
പരിപാടിയിൽ വൻപങ്കാളിത്തം ഉറപ്പാക്കാൻ പ്രാദേശിക നേതൃത്വത്തിന് കർശന നിർദേശം നൽകിയിരിക്കുകയാണ്. പാർട്ടിയുടെ ഔദ്യോഗിക നിലപാട് വിശദീകരിക്കാൻ പി. ജയരാജന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം.
നേരത്തേ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ മാത്രം പങ്കെടുത്താൻ മതിയെന്നാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. പി.ജയരാജന്‍റെ ഫോട്ടോ ഉള്‍പ്പെടുത്തി യോഗത്തിന്റെ പുതിയ പോസ്റ്റര്‍ ഇറക്കി. ആകാശിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ വന്നതിനു പിന്നാലെയാണ് പി.ജയരാജനെ പങ്കെടുപ്പിച്ചുള്ള രാഷ്ട്രീയ മറുപടിക്ക് സിപിഎം നേതൃത്വം ഒരുങ്ങുന്നത്. ആകാശിന് മറുപടി പറയേണ്ടതില്ലെന്നായിരുന്നു നേരത്തേ ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
പി. ജയരാജന് പുറമേ എം.വി ജയരാജൻ, പി. പുരുഷോത്തമൻ, എൻ.വി ചന്ദ്രബാബു തുടങ്ങിയ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. ക്വട്ടേഷൻ, ലഹരി മാഫിയ, സ്വർണക്കടത്ത് സംഘങ്ങൾക്കെതിരെയാണ് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കുന്നതെന്ന് നേതൃത്വം വിശദീകരിക്കുന്നു. ശുഹൈബ് വധം പാർട്ടി ആഹ്വാനപ്രകാരമെന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തലാണ് സിപിഐഎമ്മിനെ ആദ്യം വെട്ടിലാക്കിയത്.
ആകാശ് തില്ലങ്കേരി അടക്കമുള്ളവർക്ക് പി.ജയരാജനുമായി അടുപ്പമുണ്ടായിരുന്നു. പി.ജയരാജനു വേണ്ടിയുള്ള പ്രചാരണവുമായി ആകാശും കൂട്ടരും സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. പി.ജയരാജൻ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടത്. ആകാശ് ക്യാംപ് ആരാധിക്കുന്ന പി.ജയരാജനെ തന്നെ തില്ലങ്കേരിയിൽ എത്തിച്ച് ഈ ടീമിനെ പാർട്ടി വീണ്ടും തള്ളി പറയാനാണ് ലക്ഷ്യമിടുന്നത്.