തൃശൂർ: തൃശൂർ വല്ലച്ചിറയിൽ ലോറി ഡ്രൈവറെ മർദിച്ചത് കുട്ടിയെ ഉപദ്രവിച്ചതിനാലെന്ന് സൂചന. മർദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഒല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഡിസംബർ 4ന് ഒല്ലൂരിലെ പെട്രോള്‍ പമ്പിനടുത്തു വച്ച് പത്താം ക്ലാസ് വിദ്യാർഥിനിയെ ലോറി ഡ്രൈവർ ആക്രമിച്ചിരുന്നു. കുട്ടി സൈക്കിളിൽ വരുമ്പോൾ സമീപത്തെ പെട്രോൾ പമ്പിനടുത്ത് വെച്ച് കുട്ടിയെ തടഞ്ഞുനിർത്തുകയും തന്റെ മകന് സൈക്കിൾ വാങ്ങിക്കൊടുക്കാനാണ് ഈ സൈക്കിൾ എവിടെ നിന്ന് വാങ്ങി എന്നുചോദിച്ച് ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു എന്നാണ് ആരോപണം.
സംഭവസ്ഥലത്ത് നിന്ന് നിലവിളിച്ചോടിയ കുട്ടി പമ്പിലേക്ക് കയറി. ഇവിടെ ഉണ്ടായിരുന്ന ആളുകൾ കുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തുകയായിരുന്നു. പമ്പിലെ ദൃശ്യങ്ങൾ പരിശോധിച്ച പിതാവ് ലോറി ഡ്രൈവറെ തിരഞ്ഞുപോവുകയായിരുന്നു.
എന്നാൽ, ശമ്പളം കിട്ടാത്തത് ചോദ്യം ചെയ്തതിന് ലോറി ഡ്രൈവറെ മർദിച്ചെന്ന രീതിയിലായിരുന്നു സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചത്.
സംഭവത്തിൽ പരാതി ലഭിക്കാത്തത് കൊണ്ടാണ് ഇതുവരെ കേസെടുക്കാത്തതെന്നാണ് പൊലീസ് പറഞ്ഞു. ലോറി ഡ്രൈവറോ കുട്ടിയുടെ പിതാവോ പരാതി നൽകിയിട്ടില്ല. ഇരുവരും പരാതി നൽകിയാൽ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം.