കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചി പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം. സ്ഥലത്ത് നിരവധി സ്ഫോടനങ്ങൾ അരങ്ങേറിയതായി റിപ്പോർട്ട്. പൊലീസും അർധസൈനിക വിഭാഗവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. കറാച്ചി പൊലീസ് മേധാവിയും ഓഫിസും ആക്രമിക്കപ്പെട്ടതായി അധികൃതർ അറിയിച്ചു.
പാകിസ്ഥാൻ സമയം വൈകീട്ട് ഏഴ് മണിയോടെ ഷെരിയാ ഫൈസൽ റോഡിലുള്ള കറാച്ചി പൊലീസ് ആസ്ഥാനത്തേക്ക് ഇരച്ച് കയറിയ ഭീകരർ, ഗ്രനേഡാക്രമണം നടത്തുകയും തുരുതുരാ വെടിയുതിർക്കുകയായിരുന്നു. കറാച്ചി പൊലീസിൻ്റെ യൂണിഫോം ധരിച്ചാണ് ഭീകരർ എത്തിയതെന്നാണ് വിവരം.
എത്ര ഭീകരർ ആക്രമണത്തിന്റെ ഭാഗമായി ഉണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. പൊലീസ് മേധാവിയെ ബന്ധിയാക്കിയെന്നും സൂചനയുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പാകിസ്ഥാൻ റേഞ്ചേഴ്സ് നടത്തിയ പ്രത്യോക്രമണത്തിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടെന്നാണ് വിവരം. നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് വെടിയേറ്റിട്ടുണ്ട്. ആറ് തീവ്രവാദികളെങ്കിലും കെട്ടിട്ടത്തിനുള്ളിൽ ഇപ്പോഴും ഉണ്ടെന്നാണ് കരുതുന്നത്. അഞ്ച് നില കെട്ടിട്ടം കറാച്ചി പൊലീസും പാകിസ്ഥാൻ റേഞ്ചേഴ്സും സൈനിക കമാൻഡോകളും ചേർന്ന് വളഞ്ഞിരിക്കുകയാണ്. താഴത്തെ നാല് നിലകൾ സൈനികർ ഇതിനോടകം ഒഴിപ്പിച്ചു കഴിഞ്ഞു. കെട്ടിട്ടത്തിന് അകത്ത് നിന്നും ഇപ്പോഴും സ്ഫോടന ശബ്ദങ്ങളും വെടിയൊച്ചകളും കേൾക്കുന്നതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.