കൊച്ചി: തൃപ്പൂണിത്തുറയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ അപകടത്തിന് ഇടയാക്കിയ ബൈക്ക് യാത്രക്കാരന്റെ ലൈസന്‍സ് റദ്ദാക്കി. കാഞ്ഞിരമറ്റം സ്വദേശി കെ എന്‍ വിഷ്ണുവിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. തൃപ്പൂണിത്തുറ ജോയിന്റ് ആര്‍ടിഒയുടേതാണ് നടപടി.
സംസ്ഥാനത്ത് അത്യപൂർവമായാണ് ലൈസൻസ് റദ്ദാക്കുന്നത്. സാധാരണ ലൈസൻസ് സസ്പെൻഡ് ചെയ്യുകയാണ് പതിവ്.
2022 നവംബര്‍ 17 നാണ് തൃപ്പൂണിത്തുറ വടക്കേകോട്ടയില്‍ അപകടമുണ്ടായത്. അപകടത്തില്‍ ഉദയംപേരൂര്‍ സ്വദേശി കാവ്യ മരിച്ചു. കാവ്യയുടെ സ്‌കൂട്ടറില്‍ വിഷ്ണുവിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ട് കാവ്യ ബസിന് അടിയിലേക്ക് വീഴുകയായിരുന്നു. ബസ് കയറി യുവതി മരിച്ചു. നിശ്ചിത അകലം പാലിക്കാതെ ബസ് വന്നതും അപകടകാരണമായി. അതിനാല്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് ആറുമാസത്തേക്ക് താല്‍ക്കാലികമായി റദ്ദാക്കിയതായും ജോയിന്റ് ആര്‍ടിഒ അറിയിച്ചു.