മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിഭാഗത്തിനെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ ഉദ്ദവ് താക്കറെ പക്ഷത്തിന് തിരിച്ചടിയായി. ഇനി മുതല്‍ ശിവസേനയെന്ന പേരും ഔദ്യോഗിക ചിഹ്നമായ ‘അമ്പും വില്ലും’ ഷിന്‍ഡെ വിഭാഗത്തിന് ഉപയോഗിക്കാം.
ഉത്തരവ് പ്രകാരം നിയമസഭാ ഉപതിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ ഉദ്ധവ് പക്ഷത്തിന് തീപന്തം ചിഹ്നമാണ് ലഭിക്കുക. ബാല്‍ താക്കറെയുടെ പ്രത്യയശാസ്ത്രത്തിന്‌റെ വിജയമെന്ന് കമ്മീഷന്‍ തീരുമാനത്തോടെ ഏക്‌നാഥ് ഷിന്‍ഡെ പ്രതികരിച്ചു.
ചിഹ്നത്തിലും പേരിലും ഇരുപക്ഷവും അവകാശ വാദം ഉന്നയിച്ചിരുന്നു. ഷിന്‍ഡെ പക്ഷം സ്വമേധയാ പാര്‍ട്ടി വിട്ടതാണെന്നും പാര്‍ട്ടി ചിഹ്നത്തില്‍ അവര്‍ക്ക് അവകാശമില്ലെന്നും ഉദ്ദവ് പക്ഷവും വാദിച്ചിരുന്നു. ഇരുവിഭാഗവും അവകാശ വാദം ഉന്നയിച്ചതിനെ തുടര്‍ന്ന് പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് ശിവസേനയുടെ നിലവിലെ ഭരണഘടനയ്ക്ക് സാധ്യതയില്ലെന്ന് വിലയിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക പേരും ചിഹ്നവും ഷിന്‍ഡെ പക്ഷത്തിന് അനുവദിക്കുകയായിരുന്നു.
നിലവില്‍ ശിവസേനയില്‍ നടക്കുന്നത് ജനാധിപത്യവിരുദ്ധമായ കാര്യങ്ങളെന്ന് 78 പേജുള്ള ഉത്തരവില്‍ കമ്മീഷന്‍ വ്യക്തമാക്കുന്നു. 2018 ല്‍ ശിവസേനയുടെ ഭരണഘടന ഭേദഗതി ചെയ്‌തെങ്കിലും അത് ഇതുവരെ കമ്മീഷന് സമര്‍പ്പിച്ചിട്ടില്ലെന്നാണ് വിമര്‍ശനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച 55 ശിവസേനാ എംഎല്‍എമാരില്‍ ഷിന്‍ഡെക്ക് ഒപ്പമുള്ളവര്‍ക്ക് 76 ശതമാനം വോട്ട് ലഭിച്ചെന്നും താകക്‌റെയ്ക്ക് ഒപ്പമുള്ളവര്‍ക്ക് 23.5 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂവെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.