കണ്ണൂര്‍: സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയില്‍ ആകാശ് തില്ലങ്കേരിക്കും സുഹൃത്തുക്കള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലാണെന്ന് പോലീസ് പറഞ്ഞിരുന്ന ആകാശ് കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യം നേടുകയായിരുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിലാണ് പോലീസ് ആകാശിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്തത്.
മന്ത്രി എം.ബി. രാജേഷിന്റെ പഴ്സനൽ സ്റ്റാഫ് അനൂപിന്റെ ഭാര്യ ശ്രീലക്ഷ്മിയാണ് പരാതി നൽകിയത്. ഫെയ്സ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നാണു ശ്രീലക്ഷ്മിയുടെ പരാതി. ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സി.വിനീഷിനെ സമൂഹ മാധ്യമം വഴി ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസ് മട്ടന്നൂർ പൊലീസും റജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേ സമയം ആകാശിനെതിരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ട്.കഴിഞ്ഞ ആറുവര്‍ഷമായി ആകാശ് ചെയ്ത കുറ്റകൃത്യങ്ങളുടെ വിശദവിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.