കണ്ണൂര്‍ : സിപിഎമ്മും ശിവശങ്കറും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മും ശിവശങ്കറും തമ്മില്‍ ബന്ധമില്ല. അത്തരമൊരു ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ പലരും ശ്രമിക്കുന്നു. എന്നാല്‍ അത് രാഷ്ട്രീയം മാത്രമാണ്. ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായിട്ടല്ലല്ലോയെന്നും ഇനിയും അറസ്റ്റ് ചെയ്‌തോട്ടെയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം, ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് തല്‍ക്കാലം പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു എംവി ഗോവിന്ദന്റെ മറുപടി. സ്ത്രീത്വത്തിനെ അപമാനിച്ച കേസില്‍ ആകാശിനെ പൊലീസ് പിടികൂടും. ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ല. കുറച്ച് കഴിഞ്ഞാല്‍ അയാള്‍ സ്വയം നിയന്ത്രിച്ചോളും. പ്രദേശത്തെ ക്രിമിനല്‍ സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് സംസാരിക്കാന്‍ താനില്ല. പാര്‍ട്ടി ആഹ്വാനം ചെയ്യേണ്ടത് പാര്‍ട്ടി ചെയ്യും. അത് ആകാശല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആകാശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഇതെല്ലാം രാഷ്ട്രീയമാണ്. ഓരോ തവണയും അവര്‍ പറയും അങ്ങനെ വേണം ഇങ്ങനെ വേണമെന്ന്. അതിലൊക്കെ എന്ത് പ്രതികരിക്കാനാണ് എന്നും ഗോവിന്ദന്‍ ചോദിച്ചു. സിബിഐ ഇപ്പോള്‍ കൂട്ടിലടച്ച തത്തയാണെന്ന് മുമ്ബ് പറഞ്ഞത് കൂടുതല്‍ അന്വര്‍ത്ഥമാകുകയാണ്. സിബിഐ അന്വേഷണമാണ് എല്ലാത്തിന്റേയും അവസാന വാക്ക് എന്നതിനോടും പാര്‍ട്ടിക്ക് യോജിപ്പില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.