ന്യൂഡല്‍ഹി: നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കര്‍ വിവാഹിതയായി. സമാജ്വാദി പാർട്ടി നേതാവ് ഫഹദ് അഹമ്മദാണ് വരൻ. ട്വിറ്ററിലൂടെയാണ് സ്വര വിവാഹ വിവരം പങ്കുവച്ചത്.
2023 ജനുവരി ആറിന് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തതായി സ്വര അറിയിച്ചു. മഹാരാഷ്ട്ര സമാജ്വാദി പാർട്ടി യുവജന വിഭാഗം യൂണിറ്റ് പ്രസിഡന്റാണ് ഫഹദ്.
“ചിലപ്പോൾ നിങ്ങളുടെ തൊട്ടടുത്തുള്ള ചിലത് നിങ്ങൾ വിദൂരതയിൽ തിരഞ്ഞുകൊണ്ടിരിക്കും. ഞങ്ങൾ പ്രണയത്തിനായി തിരയുകയായിരുന്നു, പക്ഷേ ഞങ്ങൾ ആദ്യം കണ്ടെത്തിയത് സൗഹൃദമാണ്. എന്നിട്ട് ഞങ്ങൾ പരസ്പരം അടുത്തറിഞ്ഞു. എന്റെ ഹൃദയത്തിലേക്ക് സ്വാഗതം @ഫഹദ് സിരാർ അഹ്‍മദ്. ഇത് അരാജകമാണ്, പക്ഷേ ഇത് നിങ്ങളുടേതാണ്!” വീഡിയോക്കൊപ്പം സ്വര ട്വിറ്ററിൽ കുറിച്ചു. ഫഹദിന്റെ ഔദ്യോഗിക അക്കൗണ്ട് മെൻഷൻ ചെയ്തായിരുന്നു കുറിപ്പ്.
ഈ ട്വീറ്റ് ഫഹദ് അഹ്‍മദും പങ്കുവെച്ചു. ‘അരാജകമായ കാര്യങ്ങൾ ഇത്ര മനോഹരമാകുമെന്ന് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല. എന്റെ പ്രേമത്തിന്റെ കൈ ചേർത്തുപിടിച്ചതിന് നന്ദി’ ഫഹദ് ട്വീറ്റ് ചെയ്തു.