കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും സാക്ഷിയായി വിസ്തരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഏഴ് സാക്ഷികളില്‍ മഞ്ജുവാര്യര്‍ ഉള്‍പ്പെടെ നാല് പേരുടെ വിസ്താരം മാത്രമാണ് ബാക്കിയുള്ളതെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു.
കേസില്‍ പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചത് തെളിക്കാനുള്ള അവകാശം പ്രോസിക്യൂഷനുണ്ടെന്നും ബാലചന്ദ്ര കുമാറിന്റെ വിസ്താരം നീട്ടിക്കൊണ്ടുപോയത് പ്രതിഭാഗമാണെന്നും വിസ്താരം നീട്ടിയില്ലെങ്കില്‍ മുപ്പത് ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനാകുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും സാക്ഷിയായി വിസ്തരിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസമാണ് ദിലീപ് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. വിസ്താരത്തിന് പ്രോസിക്യുഷന്‍ നിരത്തുന്ന കാരണങ്ങള്‍ വ്യാജമാണെന്ന് ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നു. കാവ്യാ മാധവന്റെ അച്ഛനെയും അമ്മയെയും വിസ്തരിക്കുന്നതിലും ദിലീപ് എതിര്‍പ്പ് അറിയിച്ചു.
ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും സഹോദരന്റെയും സഹോദരിയുടെയും സഹോദരീ ഭര്‍ത്താവിന്റെയും ശബ്ദം തിരിച്ചറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ സമീപിച്ചത്. മഞ്ജുവിനെ വീണ്ടും വിസ്തരിക്കാനിരിക്കെയാണ് പ്രോസിക്യൂഷന്‍ നിരത്തിയ കാരണങ്ങള്‍ വ്യാജമാണെന്ന് ദിലീപ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആരോപിച്ചിരിക്കുന്നത്.