കണ്ണൂർ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ആകാശ് തില്ലങ്കേരിക്കെതിരെ പൊലീസ് കേസെടുത്തു. മന്ത്രി എംബി രാജേഷിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയാണ് പരാതിക്കാരി. ഫേസ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നാണ് ശ്രീലക്ഷ്മി അനൂപിൻ്റെ പരാതി. ഡിവൈഎഫ്ഐ കമ്മിറ്റിയിൽ ആകാശിനെതിരെ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും ആകാശും സുഹൃത്തുക്കളും തന്നെ ഫേസ്ബുക്കിലൂടെ അധിക്ഷേപിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
തില്ലങ്കേരിക്കെതിരെ ഡി.വൈ.എഫ്.ഐയും എം.വി ജയരാജനും പരസ്യമായി രംഗത്തുവന്നിരുന്നു. പാർട്ടി ഒരു ക്വട്ടേഷനും തില്ലങ്കേരിയെ ഏൽപ്പിച്ചിട്ടില്ലെന്നും ഷുഹൈബിനോട് എന്താണ് വിരോധമാണുള്ളതെന്നും ആര് ആഹ്വാനം ചെയ്തിട്ടാണ് കൊല നടത്തിയതെന്ന് തില്ലങ്കേരി വ്യക്തമാക്കണമെന്നുമാണ് എം.വി ജയരാജൻ പറഞ്ഞത്.
ആകാശ് തില്ലങ്കേരി സ്വർണ്ണക്കടത്തിന് നേതൃത്വം നൽകുന്ന വ്യക്തിയാണെ്നനായിരുന്നു ഡി.വൈ.എഫ്.ഐ പറഞ്ഞത്. ഡി.വൈ.എഫ്.ഐ നേതാക്കളെയും രക്തസാക്ഷി കുടുംബങ്ങളെയും ആകാശ് അധിക്ഷേപിക്കുന്നുവെന്നും ക്വട്ടേഷൻ സംഘങ്ങളെ പ്രതിരോധിക്കുകയും നിയമ നടപടി സ്വീകരിക്കും ചെയ്യുമെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു. നാടിൻറെ സമാധാനം തകർക്കുന്ന പൊതുശല്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.