കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കോടതി ഈമാസം 20 വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയില്‍വിട്ടു. എറണാകുളത്തെ സാമ്പത്തിക കുറ്റവിചാരണ കോടതിയുടേതാണ് നടപടി. 20-ാം തീയതി ഉച്ചയ്ക്ക് 2.30 വെരയാണ് കസ്റ്റഡിയില്‍വിട്ടത്.
പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. എന്നാല്‍, കാര്യകാരണങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ പിന്നീട് കൂടുതല്‍ ദിവസം കസ്റ്റഡി അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കി.
അതിനിടെ ഇ.ഡിക്കെതിരെ കോടതിയില്‍ ശിവശങ്കര്‍ പരാതി ഉന്നയിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുക്കാതെ കഴിഞ്ഞ ദിവസം 12 മണിവരെ ചോദ്യംചെയ്തു എന്നാണ് ശിവശങ്കര്‍ പരാതിപ്പെട്ടത്. ഒരോ രണ്ട് മണിക്കൂർ ചോദ്യം ചെയ്യലിലും ശാരീരിക സ്ഥിതി കണക്കിലെടുത്ത് ഇടവേള നൽകണമെന്ന് കോടതി ഇഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശിവശങ്കർ കൃത്യമായി ഭക്ഷണം കഴിക്കുന്നില്ലെന്ന് ഇ.ഡിയും കോടതിയിൽ മൊഴി നൽകി. പലപ്പോഴും ഉപവാസമാണെന്നും ഇ.ഡി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും, രണ്ട് മണിക്കൂറിന് ശേഷം ചോദ്യം ചെയ്യലിന് ഇടവേള അനുവദിക്കണമെന്നും ശിവശങ്കർ കോടതിയിൽ പറഞ്ഞതിന് പിന്നാലെ,
ശിവശങ്കറിന് വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.