ത്രിപുരയിൽ നാളെ നിയമസഭാ തെരഞ്ഞെടുപ്പ്. ഇന്ന് നിശബ്ദ പ്രചാരണമാണ് നടക്കുക. സംസ്ഥാനത്ത് നിലനിൽക്കുന്ന സംഘർഷ സാധ്യത കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി 10 മണി മുതൽ ഫെബ്രുവരി 17 രാവിലെ 10 മണിവരെ മൂന്ന് രാത്രികളിലാണ് നിരോധനാജ്ഞ. 400 കമ്പനി കേന്ദ്ര സേനയെയും 20000 പോലീസുകാരെയും സുരക്ഷക്കായി സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ഗൃഹ സന്ദർശന പരിപാടികൾ നടത്താമെങ്കിലും ബൈക്ക് റാലികൾ വിലക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
അതേസമയം തെരഞ്ഞെടുപ്പ് നടത്തിപ്പിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെടൽ നടത്തുന്നുവെന്ന് ആരോപിച്ച് സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സംസ്ഥാന തെരഞ്ഞെടുപ്പ് അതോറിറ്റി അംഗങ്ങളുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അമിത് ഷാ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം.