ന്യൂഡല്‍ഹി: 470 വിമാനങ്ങൾ വാങ്ങാൻ കരാറുമായി എയർഇന്ത്യ. ഫ്രാൻസിൻറെ എയർബസിൽ നിന്നും അമേരിക്കയുടെ ബോയിങ്ങിൽ നിന്നും വിമാനങ്ങൾ വാങ്ങും. ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും അറിയിച്ചു.
എയർബസിൽ നിന്നും 250 വിമാനങ്ങൾ വാങ്ങാനുള്ള കരാർ പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും ചേർന്ന് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന കരാറാണിത്.വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വ്യവസായി രത്തൻ ടാറ്റ, ടാറ്റ സൺസ് സിഇഒ നടരാജൻ ചന്ദ്രശേഖരൻ എന്നിവരും പങ്കെടുത്തു.
‘ഇന്‍ഡോ- പെസഫിക് മേഖലയിലെ സ്ഥിരതയിലും സുരക്ഷാവിഷയങ്ങളിലും ആഗോള ഭക്ഷ്യസുരക്ഷയിലും ആരോഗ്യമേഖലയിലും ഇന്ത്യയും ഫ്രാന്‍സും ഗുണപരമായ സംഭാവനയാണ് നല്‍കുന്നത്. ഉഡാന്‍ പദ്ധതി പ്രകാരം രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളെ വിമാന മാര്‍ഗം ബന്ധിപ്പിക്കുകയാണ്. ഇത് ജനങ്ങളുടെ സാമ്പത്തിക- സാമൂഹിക വികാസം ത്വരിതപ്പെടുത്തുന്നു’, പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി വിമാനനിര്‍മാതാക്കളായ എയര്‍ ബസില്‍ നിന്ന് 250 വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ ഇന്ത്യ കരാറൊപ്പിട്ടതായി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇരുകമ്പനികളുമായുള്ള കരാര്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണം കൂടുതല്‍ ദൃഢമാകുന്നതിന്റെ സൂചനയാണെന്ന് മോദി അവകാശപ്പെട്ടു. വ്യോമയാന രംഗത്തെ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന അഭിലാഷങ്ങളും വിജയങ്ങളും കരാര്‍ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.