ധാരാവി: സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ധാരവിയിലാണ് സംഭവം. രോഷ്നി എന്ന ഇരുപത്തിനാലുകാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കന്‍ഹയ്യലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മാതാപിതാക്കള്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്.
അതേസമയം, യുവതി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ഭര്‍ത്താവ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ സംഭവം കൊലപാതകമെന്ന് തെളിയുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത് അന്വേഷണം ആരംഭിച്ചത്.
ഒരു വര്‍ഷം മുന്‍പായിരുന്നു റോഷ്നിയുടെയും കന്ഹയ്യലാലിന്റെയും വിവാഹം. വിവാഹത്തിന് പിന്നാലെ അഞ്ച് ലക്ഷം രൂപയും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കും വേണമെന്ന് കന്‍ഹയ്യലാല്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് നല്കാന് രോഷ്നിയുടെ മാതാപിതാക്കള്‍ക്ക് സാധിച്ചിരുന്നില്ല. ഇതിനുപകരമായി സ്വര്‍ണ മാലയും മോതിരയും അന്‍പതിനായിരം രൂപയും രോഷ്നിയുടെ മാതാപിതാക്കള്‍ നല്കി. ഇതിനേച്ചൊല്ലി ഭര്‍തൃവീട്ടില്‍ മകള്‍ നിരന്തരം അപമാനിക്കപ്പെട്ടിരുന്നതായും മര്‍ദ്ദനം നേരിട്ടിരുന്നതായും റോഷ്നിയുടെ പിതാവ് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ചയും ഭര്‍തൃവീട്ടില്‍ നേരിട്ട പീഡനത്തേക്കുറിച്ച് റോഷ്നി പിതാവിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ റോഷ്നി ആത്മഹത്യ ചെയ്തുവെന്ന് കന്‍ഹയ്യലാല്‍ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് പിതാവ് പറയുന്നു.