തൃശ്ശൂര്‍: ലോറിൽ കൊണ്ട് പോയ കമ്പികൾ കുത്തിക്കയറി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പട്ടിക്കാട് ദേശീയപാതയിൽ ചെമ്പൂത്രയിലാണ് അപകടമുണ്ടായത്. പാലക്കാട് പുതുക്കോട് മണപ്പാടം ശ്രേധേഷ് (21) ആണ് മരിച്ചത്. ലോറി പെട്ടെന്ന് നിർത്തിയപ്പോൾ പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു. യുവാവിന്റെ കഴുത്തിലും നെഞ്ചിലും കമ്പികൾ കുത്തിക്കയറിയെന്നു പൊലീസ് പറഞ്ഞു.
ഇന്ന് വൈകീട്ട് 4.15ന് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. കമ്പി കയറ്റിയ ലോറി പട്ടിക്കാട് ദേശീയപാത ആരംഭിക്കുന്ന ഭാഗത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇത് അറിയാതെയാണ് ബൈക്ക് യാത്രക്കാരൻ ലോറിക്ക് പുറകിൽ ഇടിച്ച് കയറിയത്.
അപകടം ഉണ്ടായ ഉടൻ പീച്ചി പോലീസ് സ്ഥലത്തെത്തി പോലീസ് വാഹനത്തിൽ തന്നെ ഇയാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ലോറിയിൽ അപകട മുന്നറിയിപ്പ് ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിന്റെ ടാർപ്പായ പറന്നുപോയത് എടുക്കാനാണ് വാഹനം ദേശീയപാതയിൽ നിർത്തിയതാണെന്നാണ് ഡ്രൈവർ നൽകുന്ന വിശദീകരണം.