കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. ബിഹാർ വൈശാലി സ്വദേശി പൂനംദേവിയെയാണ് (30) വേങ്ങരയിൽ നിന്ന് പിടികൂടിയത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് മാനസികരോഗത്തിന് വിദഗ്ധ ചികിത്സ നൽകണമെന്ന് ചൂണ്ടിക്കാട്ടി റഫർ ചെയ്ത് ശനിയാഴ്ച വൈകീട്ടാണ് ഇവരെ കുതിരവട്ടത്ത് പ്രവേശിപ്പിച്ചത്.
ഫോറൻസിക് വാർഡിൽ നിന്ന് രാത്രി 12നും 12.15നും ഇടയിലാണ് രക്ഷപ്പെട്ടത്. ഇവരെ പാർപ്പിച്ച വാർഡിലെ ശുചിമുറിയുടെ വെന്റിലേഷൻ ഗ്രിൽ ഇഷ്ടികകൊണ്ട് കുത്തിയിളക്കിമാറ്റി സെല്ലിന് പുറത്തെത്തി ഒന്നാം നിലയിൽ നിന്ന് തൂങ്ങി താഴെയെത്തുകയും പിന്നീട് ചുറ്റുമതിൽ കടന്ന് പോവുകയുമായിരുന്നു.
ഗ്രിൽ കുത്തി ഇളക്കാൻ ഇഷ്ടിക എങ്ങനെ സെല്ലിലെത്തി എന്നതിൽ ദുരൂഹതയുണ്ടെങ്കിലും ചുമരിലെ വിടവിലൂടെ എലി ഉള്ളിൽ പ്രവേശിക്കാതിരിക്കാൻ അടച്ചുവെച്ചതാണിതെന്നാണ് പൊലീസ് പറയുന്നത്.