കോഴിക്കോട്: ട്രാൻസ്മെൻ പ്രസവിച്ചുവെന്നത് മാധ്യമ സൃഷ്ടിയാണെന്ന് എം കെ മുനീർ എം എൽ എ. പ്രസവിച്ചത് സ്ത്രീയാണ്. സ്തനങ്ങൾ മുറിച്ചുമാറ്റിയിരുന്നെങ്കിലും അവൾ സ്ത്രീ തന്നെയായിരുന്നു. പുറംതോട് മാറ്റിയെങ്കിലും ഗർഭപാത്രം ഉൾപ്പെടെ ജന്മനായുള്ള സ്ത്രീ സവിശേഷതകൾ അവളിൽ ഉണ്ടായിരുന്നതായും കോഴിക്കോട് നടന്ന വിസ്ഡം സമ്മേളനത്തിൽ സംസാരിക്കവേ എം.കെ. മുനീർ പറഞ്ഞു.
പുരുഷൻ പ്രസവിച്ചു എന്ന തരത്തിലുള്ള അദ്ഭുതപ്പെടുത്തുന്ന പ്രചാരണം ജെൻഡർ ന്യൂട്രാലിറ്റിയുടെ മറവിൽ ഇവിടെ നടക്കുന്നുണ്ടെന്നും ഇതു വിശ്വസിക്കുന്നവർ മൂഢരുടെ സ്വർഗത്തിലാണെന്നും എം.കെ.മുനീർ പറഞ്ഞു. ഇവിടെ സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം തന്നെ ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ സമ്പൂർണമായി നിൽക്കുമ്പോൾ മാത്രമാണ് അവൾ പ്രസവിക്കുന്നത്. ഇവിടെ പ്രസവിച്ച സ്ത്രീ ജന്മം കൊണ്ട് സ്ത്രീ ആയിരുന്നുവെന്നതിന്റെ നിദർശനമാണ് അവരിൽ ഗർഭപാത്രം ഉണ്ടായിരുന്നുവെന്നത്. ഹോമോ സെക്‌ഷ്വാലിറ്റിയിൽ ജീവിക്കുന്നവർ ലോകത്തൊരിടത്തും പ്രസവിച്ചിട്ടില്ല. ട്രാൻസ്മെൻ, ട്രാൻസ്‍വുമൻ എന്നുള്ളതെല്ലാം പൊള്ളയായ വാദമാണെന്നും എം.കെ.മുനീർ പറഞ്ഞു.
ലിബറലിസം കൊണ്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന, മാനവികതയെത്തന്നെ ചോദ്യംചെയ്യുന്ന ധാരാളം പ്രശ്നങ്ങൾ നമ്മൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാരിൽ ഇപ്പോൾ ജെന്റർ ന്യൂട്രൽ അവശിഷ്ടങ്ങൾ ഉണ്ട്. പാശ്ചാത്യ രാജ്യങ്ങൾ കൈയൊഴിഞ്ഞ ആശയങ്ങളാണ് ഇതെന്നും മുനീർ പറഞ്ഞു.
‘ഒരു സ്ത്രീ പുരുഷനാകാൻ ശ്രമിച്ച് അവിടെ എത്താൻ സാധിക്കാത്ത അവസ്ഥയിൽ, അവരുടെ ഗർഭപാത്രം അവിടത്തന്നെ ഉണ്ട്, പുരുഷനാകണമെന്ന ആഗ്രഹത്താൽ സ്തനങ്ങൾ മുറിച്ചു കളഞ്ഞു, അവർ പ്രസവിക്കുന്നു. പ്രസവിച്ച കുട്ടിയെ പാലൂട്ടാൻ പോലും സാധിക്കാത്തവിധം സ്തനങ്ങൾ അവർക്കില്ല എന്നത് ഒരു വലിയ ചിന്താ കുഴപ്പം ഉണ്ടാക്കുകയാണ്. പുറംതോടിൽ ഒരു പുരുഷൻ ആയി എന്ന് പ്രഖ്യാപിക്കുമ്പോഴും അവർ ജന്മം കൊണ്ട് സ്ത്രീയായിരുന്നു. അണ്ഡവും ബീജവും തമ്മിൽ സങ്കലനം ഉണ്ടാകുമ്പോൾ മാത്രമാണ് ഒരു കുട്ടി ജനിക്കുന്നത്. അല്ലാതെ ഒരു കുട്ടി ജനിക്കുന്നു എന്ന് പറഞ്ഞെങ്കിൽ അത് അത്ഭുതമാണ്. അങ്ങനെ അല്ലാതെ ഒരു കുട്ടി ജനിക്കുന്നു എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ അവർ മൂഢന്മാരുടെ സ്വർഗത്തിലാണ്. ട്രാൻസ് മാൻ ആയിട്ടുണ്ടെങ്കിൽ അവർക്ക് കുട്ടിയെ പ്രസവിക്കാൻ സാധിക്കില്ല’, അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രാൻസ് ദമ്പതികളായ സിയ–സഹദ് എന്നിവർക്ക് കുഞ്ഞുപിറന്നത് സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു. സിയയ്ക്കു വേണ്ടി പുരുഷനായി മാറിയ പങ്കാളി സഹദാണ് ഗർഭം ധരിച്ചത്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ മാറിടം നീക്കം ചെയ്തിരുന്നു എങ്കിലും ഗർഭപാത്രം നീക്കം ചെയ്തിരുന്നില്ല. അങ്ങനെയാണ് വിപ്ലവകരമായ തീരുമാനത്തിലേക്കു ദമ്പതികൾ എത്തിയത്.