അങ്കാറ: തുർക്കിയിൽ ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് പൗരി ഗർവാൾ സ്വദേശി വിജയ് കുമാറിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. ദുരന്ത സ്ഥലത്തുനിന്നും അയച്ചുനൽകിയ ചിത്രം കണ്ട് വിജയ് കുമാറിന്റെ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. വിജയ് കുമാറിന്റെ ഇടതുകൈയിൽ പച്ചകുത്തിയിരുന്നു. ഇതാണ് തിരിച്ചറിയാൻ സഹായിച്ചത്.
എൻജിനീയറായ വിജയ് കുമാർ പ്രോജക്ടിന്റെ ഭാഗമായാണ് ജനുവരി 23ന് തുർക്കിയിലെത്തിയത്. തകർന്ന ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ബെംഗളൂരു ആസ്ഥാനമായ പൈപ് ലൈൻ ഇൻസ്റ്റലേഷൻ സ്ഥാപനത്തിലെ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു.
വിജയ് കുമാർ ഭൂകമ്പത്തിൽ കുടുങ്ങിയെന്നും രക്ഷപ്പെടുത്താനുള്ള നീക്കം നടക്കുകയാണെന്നും ഇന്ത്യൻ അധികൃതർ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. പിന്നീട് വെള്ളിയാഴ്ച വിജയ് കുമാറിനെ കണ്ടെത്തിയെന്നും വിവരം ലഭിച്ചു. എന്നാൽ ശനിയാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങിയെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.