ന്യൂഡല്‍ഹി: അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫോറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ നിയമ നടപടിക്കൊരുങ്ങി അദാനി ഗ്രൂപ്പ്. വിഷയത്തില്‍ അമേരിക്കയിലെ തന്നെ വാക്ടെല്‍, ലിറ്റണ്‍, റോസന്‍ ആന്‍ഡ് കാറ്റ്‌സ് എന്ന നിയമ സ്ഥാപനവുമായി അദാനി ഗ്രൂപ്പ് ധാരണയിലെത്തി. നിയമനടപടികള്‍ സംബന്ധിച്ച് വാക്ടെല്ലിലെ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം.
അദാനി ഗ്രൂപ്പില്‍ ക്രമക്കേടുകള്‍ ആരോപിച്ച് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരികളില്‍ വലിയ നഷ്ടം നേരിട്ടിരുന്നു. ഇതിന് പിന്നാലെ ഹിന്‍ഡന്‍ബര്‍ഗിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.
അമേരിക്കയിലെ നിയമ സ്ഥാപനമായ വാക്ടെൽ കോർപറേറ്റ് രംഗത്തെ കേസുകൾ വാദിക്കുന്നതിൽ പ്രധാനികളാണ്. അമേരിക്കയിലെ തന്നെ മൂന്ന് നാല് സ്ഥാപനങ്ങളുമായി അദാനി കമ്പനി ചർച്ച നടത്തുന്നുണ്ടായിരുന്നു. ഇതിന്റെ അവസാനമാണ് വാച്ടെലിൽ എത്തിയത്. ഇവർക്ക് മുൻപ് പല കേസുകളും വാദിച്ച് പരിചയമുണ്ട്.
അമേരിക്കയിലാണ് ആദ്യഘട്ടത്തിലെ നിയമനടപടികൾ. ഇന്നും അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വിപണിയിൽ കൂപ്പുകുത്തി. 10 ൽ എട്ട് കമ്പനികളും നഷ്ടത്തിലാണ്.
അതേസമയം, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഏതെങ്കിലും ഗ്രൂപ്പിനെതിരെയുള്ളതല്ലെന്നും, ഇന്ത്യയ്‌ക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്റെ വാദം. എന്നാല്‍, തട്ടിപ്പ് തട്ടിപ്പ് തന്നെയാണെന്നും ദേശീയതയുടെ മറപിടിച്ച് അതിനെ മറയ്ക്കാനാവില്ലെന്നുമായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ മറുപടി.