തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെയും പി ജയരാജനെതിരെയും ഉയര്‍ന്ന ആരോപണങ്ങൾ സിപിഐഎം അന്വേഷിക്കും. ആരോപണങ്ങൾ അന്വേഷിക്കാന്‍ അന്വേഷണ സമിതി രൂപീകരിക്കാനും സംസ്ഥാന സമിതി തീരുമാനിച്ചു.
അതേസമയം സംസ്ഥാന സമിതിയിൽ ഇരു നേതാക്കളും ഏറ്റുമുട്ടി. പി ജയരാജൻ തനിക്കെതിരെ ഗൂഢാലോചനയും വ്യക്തിഹത്യയും നടത്തിയെന്ന് ഇ.പി ജയരാജന്‍ ആരോപിച്ചു.
‘ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ്’ എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇ.പി ജയരാജന്‍ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു പി ജയരാജന്റെ ആരോപണം. പരാതി ഉന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഡിസംബറിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജൻ വ്യക്തമാക്കി. എന്നാൽ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പി ജയരാജന്‍ ഇത് നിഷേധിച്ചു.
പാർട്ടി നേതാക്കൾ തെറ്റായ വഴിക്ക് സഞ്ചരിക്കുന്നത് തടയാനായി അടിയന്തര കടമകൾ എന്ന രേഖ ചർച്ച ചെയ്യുമ്പോഴായിരുന്നു ആരോപണം. പരാതി ഉന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണം വേണമെന്നും ഡിസംബറിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ ആവശ്യപ്പെട്ടു. ആരോപണം രേഖാമൂലം എഴുതി നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആവശ്യപ്പെട്ടു. തെറ്റു ചെയ്താൽ എത്ര ഉന്നതനായാലും രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ.പി.ജയരാജന്റെ ഭാര്യയും മകനും റിസോർട്ടിന്റെ ഡയറക്ടർ ബോർഡിൽ അംഗമാണെന്ന് പി.ജയരാജൻ ആരോപിച്ചിരുന്നു. റിസോർട്ട് നിർമാണ സമയത്തുതന്നെ ആരോപണം ഉയർന്നിരുന്നതായും പി.ജയരാജൻ ചൂണ്ടിക്കാട്ടി.
ഇ.പി. ജയരാജനെതിരായ ആരോപണവും ഇത് ഉന്നയിക്കാന്‍ ഇടയായ സാഹചര്യവും പോളിറ്റ് ബ്യൂറോ തലത്തിലുള്ള നേതാക്കളായിരിക്കും പരിശോധിക്കുക. പി. ജയരാജന്റെ ആരോപണവും തനിക്കെതിരായ വ്യക്തിഹത്യയാണ് നടക്കുന്നതെന്ന ഇ.പി. ജയരാജന്റെ വിശദീകരണവും അന്വേഷിക്കുക വഴി ഇരുകൂട്ടരേയും തൃപ്തിപ്പെടുത്തുന്ന പരിശോധനയിലേക്കാണ് സി.പി.എം. നേതൃത്വം എത്തിച്ചേരുന്നത്. ആരോപണങ്ങളുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള പരസ്യപ്രസ്താവനയും നടത്തരുതെന്ന് നിര്‍ദ്ദേശം നല്‍കിയാണ് സംസ്ഥാന കമ്മിറ്റി പിരിഞ്ഞത്.