ചെന്നൈ: തമിഴ്നാട് രാമനാഥപുരത്തിനടുത്ത് കസ്റ്റംസ് പിന്തുടര്‍ന്നതോടെ കടലില്‍ എറിഞ്ഞ 17.74 കിലോ സ്വര്‍ണം വീണ്ടെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ശ്രീലങ്കയില്‍നിന്നു ബോട്ട് മാര്‍ഗം ഇന്ത്യയിലേക്കു കടത്തിയ സ്വര്‍ണമാണ് കടലില്‍ എറിഞ്ഞത്. ബോട്ടില്‍നിന്ന് തമിഴ്നാട് മണ്ഡപം സ്വദേശികളായ രണ്ട് പേര് അറസ്റ്റിലായിരുന്നു.
ശ്രീലങ്കയിൽ നിന്ന് മണ്ഡപം തീരത്തേക്ക് സ്വർണം കടത്തുന്നതായി റവന്യൂ ഇന്റലിജൻസ് വകുപ്പിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. കോസ്റ്റ് ഗാർഡ് സ്റ്റേഷൻ ഡിആർഐയുടെ സംയുക്ത സംഘത്തോടൊപ്പം ഒരു ഇന്റർസെപ്റ്റർ ബോട്ട് വിന്യസിച്ചു. ബുധനാഴ്ച രാത്രി ഇന്റർസെപ്റ്റർ ബോട്ട് സംശയാസ്പദമായ ഒരു ബോട്ട് തടഞ്ഞുനിർത്തി. എന്നാൽ ബോട്ടിൽ തിരച്ചിൽ നടത്തിയപ്പോൾ കള്ളക്കടത്തുകാർ സ്വർണം കടലിൽ എറിഞ്ഞതായി ഉദ്യോഗസ്ഥർ കണ്ടെത്തി.
തീരസംരക്ഷണ സേന പ്രദേശം വളയുകയും സ്കൂബ ഡൈവർമാരെ വിന്യസിക്കുകയും ചെയ്തു. മുങ്ങൽ വിദഗ്ദർ കടലിന്റെ അടിത്തട്ടിൽ നിന്ന് സ്വർണം കണ്ടെത്തുകയായിരുന്നു.