തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42 ലക്ഷം രൂപ ചെലവഴിച്ചു എന്നതുപോലുള്ള അസംബന്ധം ഭൂലോകത്തുണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ പ്രചാരണം എവിടെവരെ എത്തി എന്ന് ആലോചിച്ചു പോകുകയാണ്. കാലിത്തൊഴുത്തിൽ പാട്ട് ഉണ്ട് എന്നായിരുന്നു വിമർശനം. മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ പാട്ട് ഒഴിവാക്കി എന്നായി പിന്നീടുള്ള പ്രചാരണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ക്ലിഫ് ഹൗസിന്റെ റോഡ് സൈഡിലെ മതിൽ ഇടിഞ്ഞപ്പോഴാണ് പുതുക്കിപ്പണിയാൻ തീരുമാനിച്ചതും തുക അനുവദിച്ചതും. താനല്ല, ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് കണക്ക് തയാറാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ, ക്ലിഫ്ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മിക്കാന്‍ 42 ലക്ഷം രൂപ ചെലവായെന്ന പ്രതിപക്ഷ ആരോപണം തള്ളി ധനമന്ത്രി ബി.എന്‍.ബാലഗോപാല്‍ രംഗത്തെത്തിയിരുന്നു. കാര്യങ്ങള്‍ സത്യസന്ധമായി പറയണം. സുരക്ഷാ ചുറ്റുമതിലടക്കം കെട്ടിയതിനാണ് ഈ തുക വന്നിരിക്കുന്നത്. പ്രചാരണം കണ്ടാല്‍ തോന്നും എ.സി.തൊഴുത്താണ് കെട്ടിയതെന്നെന്നും ബാലഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കി.
ക്ലിഫ് ഹൗസിനകത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മഞ്ഞ കല്ലുമായി വന്നത് ഓര്‍മയുണ്ടോയെന്ന് ചോദിച്ച ബാലഗോപാല്‍ അവിടെ സുരക്ഷ ആവശ്യമാണെന്നും ചുറ്റുമതില്‍ ഇതിനാണെന്നും കൂട്ടിച്ചേര്‍ത്തു.