ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ കുടുംബത്തിലുള്ളവർ എന്തുകൊണ്ടാണ് ‘നെഹ്‌റു’ എന്ന കുടുംബപ്പേര് ഉപയോഗിക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെഹ്‌റുവിനെ എവിടെയെങ്കിലും പരാമർശിക്കാതെ പോയാൽ കോൺഗ്രസ് അസ്വസ്ഥരാകുന്നുവെന്നും പിന്നെ എന്തുകൊണ്ട് അവരാരും നെഹ്‌റു എന്ന പേര് ഉപയോഗിക്കുന്നില്ലെന്നും പ്രധാനമന്ത്രി ചോദിച്ചു. രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
“സർക്കാരിന്‍റെ ചില പരിപാടികളിൽ നെഹ്റുവിന്‍റെ പേരോ ചിത്രമോ ഇല്ലെങ്കിൽ പലർക്കും ദേഷ്യം വരാറുണ്ട്. നെഹ്‌റുവിനെ എവിടെയെങ്കിലും പരാമർശിക്കാതെ പോയാൽ അവർ (കോൺഗ്രസ്) അസ്വസ്ഥരാകും. നെഹ്‌റു ഇത്രയും വലിയ വ്യക്തിയായിരുന്നു, പിന്നെ എന്തുകൊണ്ട് അവരാരും പേരിനൊപ്പം (സര്‍ നെയിം) നെഹ്‌റു എന്ന് ഉപയോഗിക്കുന്നില്ല? നെഹ്‌റുവിന്റെ പേര് ഉപയോഗിക്കുന്നതിൽ എന്താണ് നാണക്കേട്?”- രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘മോദി-അദാനി ഭായ് ഭായ്’, ‘അദാനിക്കെതിരെ അന്വേഷണം വേണം’ തുടങ്ങിയ മുദ്രാവാക്യങ്ങൾക്കും ബഹളത്തിനും ഇടയിലാണ് പ്രധാനമന്ത്രി രാജ്യസഭയില്‍ സംസാരിച്ചത്- “ഞങ്ങൾ സംസ്ഥാനങ്ങളെ പ്രശ്‌നത്തിലാക്കുന്നുവെന്ന് അവർ (കോണ്‍ഗ്രസ്) പറയുന്നു. പക്ഷേ അവർ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ 90 തവണ താഴെയിട്ടു. കേരളത്തിലെ ഇടത് സർക്കാരിനെ ഉൾപ്പെടെ പിരിച്ചുവിട്ടു. ഒരു കോൺഗ്രസ് പ്രധാനമന്ത്രി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടാൻ ആർട്ടിക്കിൾ 356, 50 തവണ ഉപയോഗിച്ചു- ഇന്ദിരാഗാന്ധിയാണത്”- പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങൾ എത്ര ചെളി വാരിയെറിഞ്ഞാലും താമര വിരിയുക തന്നെ ചെയ്യും എന്നായിരുന്നു പ്രതിപക്ഷ പ്രതിഷേധത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം. കോൺഗ്രസിന് രാഷ്ട്ര ചിന്തയില്ല, രാഷ്ട്രീയ ചിന്ത മാത്രമേയുള്ളൂ. പ്രതിപക്ഷം സാങ്കേതിക വിദ്യയ്ക്ക് എതിരാണ്. കോൺഗ്രസ് ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും അവഗണിച്ചു. ബി.ജെ.പി സര്‍ക്കാര്‍ സാങ്കേതിക വിദ്യ സാധാരണക്കാർക്കായി ഉപയോഗിക്കുന്നു. തൊഴിലും തൊഴിലില്ലായ്മയും തമ്മിലുള്ള വ്യത്യാസം പ്രതിപക്ഷത്തിനറിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗാന്ധി കുടുംബവും കോൺഗ്രസും ചേർന്ന് രാജ്യത്തെ തകർത്തെന്നും ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചെന്നും മോദി ആരോപിച്ചു. അവസരങ്ങളെ പ്രതിസന്ധികളാക്കി. കോണ്‍ഗ്രസിന് താൽപര്യങ്ങൾ മറ്റ് പലതിലുമായിരുന്നു. യു പി എ ഭരണകാലത്തേത് പോലെ രാജ്യത്ത് ജനം നരകിച്ചിട്ടില്ല. കോൺഗ്രസ് തകർത്ത ഭാരതത്തെ ബിജെപി പടുത്തുയർത്തി. പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടില്ല. കോൺഗ്രസിന് താൽപര്യം ഫോട്ടോ ഷൂട്ടിൽ മാത്രമാണെന്നും മോദി പറഞ്ഞു.