അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റിന്റെ പകർപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട ഹരജിയിൽ വാദം പൂർത്തിയായി. ഹരജി വിധി പറയാനായി മാറ്റി. സർട്ടിഫിക്കറ്റിന്റെ പകർപ്പ് നൽകാനുള്ള നീക്കത്തിനെതിരെ ഗുജറാത്ത് സർവകലാശാലയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഗുജറാത്ത് സർവകലാശാലയാണ് മോദിക്ക് ബിരുദാനന്തര ബിരുദം നൽകിയത്. ഈ വിവരങ്ങൾ തേടി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളാണ് ദേശീയ ഇൻഫർമേഷൻ കമ്മീഷനെ സമീപിച്ചത്. ഹരജിയിൽ സർവകലാശാലക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയും കെജ്‌രിവാളിനായി മുതിർന്ന അഭിഭാഷകൻ പേഴ്‌സി കവിനയുമാണ് ഹാജരായത്.
സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വകാര്യ വിവരങ്ങളെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഇതിന് പൊതുതാത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഡിഗ്രി സംബന്ധിച്ച വിവരങ്ങൾ ഏതെങ്കിലും മൂന്നാം കക്ഷിയുടെ മുന്നിൽ വെളിപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ഏതെങ്കിലും തരത്തിൽ പൊതുതാൽപര്യത്തെ ബാധിക്കുമ്പോൾ മാത്രമാണ് അത് വിവരാവകാശ നിയമത്തിന് കീഴിൽ വരികയുള്ളൂ എന്നും അദ്ദേഹം വാദിച്ചു.
അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസിലെ വിവരാവകാശ കമ്മീഷണറോടാണ് സർട്ടിഫിക്കറ്റിന്റെ കോപ്പി നൽകാൻ വിവരാവകാശ കമ്മീഷൻ ആവശ്യപ്പെട്ടത്. അതിനെന്തിനാണ് ഗുജറാത്ത് സർവകലാശാല കോടതിയെ സമീപിച്ചതെന്ന് കെജരിവാളിന് വേണ്ടി ഹാജരായ പേഴ്‌സി കവിന ചോദിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തേണ്ടത് നിയമപ്രകാരം നിർബന്ധമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.